Donald Trump US President: വൈറ്റ് ഹൗസ് 'റേസില്‍' ട്രംപിന് ജയം; യുഎസിന്റെ 47-ാം പ്രസിഡന്റ്

ആകെയുള്ള 538 ഇലക്ടറല്‍ കോളേജുകളില്‍ 494 ഇടത്തെ ഫലമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്

Donald trump
രേണുക വേണു| Last Modified ബുധന്‍, 6 നവം‌ബര്‍ 2024 (16:23 IST)
Donald Trump

Donald Trump, US President Election 2024 Result: യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 47-ാം പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ്. 2020 ല്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയ ട്രംപ് യുഎസിന്റെ അധികാരം തിരിച്ചുപിടിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നത്. രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ് താന്‍ നേടിയതെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ആകെയുള്ള 538 ഇലക്ടറല്‍ കോളേജുകളില്‍ 494 ഇടത്തെ ഫലമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. 270 ഇലക്ടറല്‍ കോളേജ് എന്ന മാന്ത്രികസംഖ്യ ഡൊണാള്‍ഡ് ട്രംപ് തൊട്ടു. കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 224 ഇലക്ടറല്‍ കോളേജുകള്‍ മാത്രം. ശേഷിക്കുന്ന ഇലക്ടറല്‍ കോളേജുകളിലെ ഫലം കൂടി പുറത്തുവരുമ്പോള്‍ ട്രംപിന് ചുരുങ്ങിയത് 290 ഇലക്ടറല്‍ കോളേജുകള്‍ എങ്കിലും ആകുമെന്നാണ് കണക്കുകൂട്ടല്‍. ചാഞ്ചാട്ട സംസ്ഥാനങ്ങളായ ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു. പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നതും ട്രംപ് തന്നെ.

' ഞാന്‍ യുദ്ധങ്ങള്‍ തുടങ്ങാനല്ല പോകുന്നത്, എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാണ്,' വിജയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ജനകീയ വോട്ടിലും ട്രംപ് തന്നെയാണ് മുന്നില്‍. 2016 ല്‍ ഹിലരി ക്ലിന്റനെ തോല്‍പ്പിച്ചാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അന്ന് ഇലക്ടറല്‍ കോളേജുകളില്‍ ട്രംപ് മുന്നിലെത്തിയപ്പോള്‍ ജനകീയ വോട്ടില്‍ ഹിലരി ക്ലിന്റണ്‍ ആയിരുന്നു ഒന്നാമത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അഭിനന്ദിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :