ബെയ്റൂട്ട്|
jibin|
Last Modified ബുധന്‍, 9 സെപ്റ്റംബര്‍ 2015 (17:00 IST)
ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ്) തലവൻ അബുബക്കർ അൽ ബഗ്ദാദിയുടെ അടിമയായ പതിനാറുകാരിയായ പെണ്‍കുട്ടി തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ ലോകത്തോട് വ്യക്തമാക്കി. ബഗ്ദാദി ക്രൂരനും പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗം ചെയ്യുന്നതില്‍ ഒരു മടിയും കാണിക്കാത്ത വ്യക്തിയുമായിരുന്നുവെന്നും രാജ്യാന്തര മാധ്യമമായ സിഎൻഎന്നിനു നൽകിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കി.
സിൻജാർ മലയുടെ താഴ്വാരത്തിൽ നിന്ന് ഐഎസ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോകുകയും അതിനുശേഷം ബഗ്ദാദിയുടെ സുഹൃത്തും
ഐഎസ് നേതാവുമായിരുന്ന അബു സയ്യാഫിന്റെ അൽ ശദാദിയയിലെ വീട്ടില്‍ ജോലിക്കു കൊണ്ടുവരികയായിരുന്നു. അവിടെ ക്രൂരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അവിടെ നിന്നും അനുഭവിക്കേണ്ടി വന്നത്. ക്രൂരനും വൃത്തിക്കെട്ടവനുമായ ബഗ്ദാദി താനടക്കമുള്ള പെണ്‍കുട്ടികളെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. അമേരിക്കന്‍ പത്രപ്രവർത്തകന്റെ തലയറുക്കുന്ന വിഡിയോ കാണിച്ച് ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്തില്ലെങ്കിൽ ഇതുപോലെ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
ബഗ്ദാദിയുടെ വീട്ടിലെത്തിച്ച തന്നെ യുഎസ് ബന്ദിയായിരുന്ന കെയ്ല മില്ലറുടെ ഒപ്പമായിരുന്നു താമസിപ്പിച്ചിരുന്നത്. മില്ലറെ മര്‍ദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പലപ്പോഴും മില്ലറെ ക്രൂരമായി മാനഭംഗപ്പെടുത്തി, അതും തങ്ങളുടെ മുന്നില്‍ വെച്ച്. തന്നാണ് അടുത്ത ഇരയെന്ന് ഇതിനകം തന്നെ മനസിലായിരുന്നു. നിരവധി തവണ മാനഭംഗപ്പെടുത്തലില് നിന്ന് രക്ഷപ്പെടുകയും ചെയ്തു. അതു തന്നെയായിരുന്നു തന്നോടും ചെയ്യാനിരുന്നതെന്നു മനസിലാക്കിയപ്പോൾ രക്ഷപെടുകയായിരുന്നെന്നും അവൾ കൂട്ടിച്ചേർത്തു.
അബു സയ്യാഫിന്റെ അൽ ശദാദിയയിലെ വീട്ടില്‍ കെയ്ല മില്ലര്‍ ഉണ്ടെന്ന് മനസിലാക്കിയ അമേരിക്കന്‍ സയ്യാഫിന്റെ വീട് ആക്രമിച്ചെങ്കിലും മില്ലറെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഐഎസ് ആസ്ഥാനമായ റഖയിലെ ആയുധപ്പുരയിൽ ജോർദാൻ നടത്തിയ ആക്രമണത്തിലാണ് മില്ലർ കൊല്ലപ്പെടുന്നതെന്നും യസീദി പെൺകുട്ടി വ്യക്തമാക്കി.