ഇറാഖിന്റെ സാംസ്കാരിക പാരമ്പര്യം തച്ചുതകര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബാഗ്ദാദ്| vishnu| Last Modified ശനി, 7 മാര്‍ച്ച് 2015 (14:16 IST)
ഇറാഖില്‍ ഒട്ടേറെ പ്രദേശങ്ങള്‍ അധീനതയിലയതോടെ സുന്നി തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിന്റെ പൌരാണിക സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ തകര്‍ത്തുകളയുന്നതായി വാര്‍ത്തകള്‍. ഭീകരര്‍ പ്രാചീന അസീറിയ പട്ടണമായ നിമ്‌റൂദ് ഇപ്പോള്‍ ഭീകരര്‍ തകേര്‍ത്തുകൊണ്ടിരിക്കുകയാണ്. നഗരം ഇടിച്ചുനിരത്താന്‍ തുടങ്ങിയതായി ഇറാഖ് സര്‍ക്കാരാണ് വെളിപ്പെടുത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മൊസൂള്‍ പട്ടണത്തിന് 30 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറിയാണ് പുരാതനനഗരം സ്ഥിതിചെയ്യുന്നത്.

യുനെസ്‌കോയുടെ പൈതൃക മേഖലകളുടെ താത്കാലിക പട്ടികയില്‍ ഉള്‍പ്പെട്ട നഗരമാണ് നിമ്‌റൂദ്. ചരിത്രപ്രാധാന്യമുള്ള നഗരം ബുള്‍ഡോസറടക്കമുള്ള വാഹനങ്ങളുപയോഗിച്ച് ഇടിച്ചുനിരത്തുകയാണെന്ന് ഇറാഖ് വിനോദസഞ്ചാര, പുരാവസ്തു വിഭാഗം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കഴിഞ്ഞ വ്യാഴാശ്ച തുടങ്ങിയ നഗരം തകര്‍ക്കലില്‍ നിരവധി കെട്ടിടങ്ങളും പുരാതന സ്മാരകങ്ങളും പ്രതിമകളും ഭീകരര്‍ ഇടിച്ചുനിരത്തി. ട്രക്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചാണ് നഗരം ഇടിച്ചു നിരത്തുന്നത്.

പ്രതിമകളും ശില്പങ്ങളും സ്ഥാപിക്കുന്നത് വിഗ്രഹാരാധനയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീകരര്‍ ഇവ നശിപ്പിക്കുന്നത്. നേരത്തെ ഭീകരരുടെ അധീനതയിലായ മൊസൂള്‍ മ്യൂസിയത്തിലെ ശില്പങ്ങള്‍ തകര്‍ക്കുന്ന വീഡിയോ പുറത്തുവന്ന് ഒരാഴ്ചയ്ക്കുശേഷമാണ് നിമ്‌റൂദ് തകര്‍ക്കല്‍ വാര്‍ത്ത പുറത്തുവന്നത്. 2001-ല്‍ അഫ്ഗാനിസ്താനിലെ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തതിന് സമാനമാണ് നിമ്‌റൂദ് ആക്രമണമെന്ന് പുരാവസ്തുവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അസീറിയാ കാലഘട്ടത്തിലെ അമൂല്യശേഷിപ്പായ നിമ്‌റൂദ് നഗരം ബി.സി. പതിമൂന്നാം നൂറ്റാണ്ടിലാണ് ടൈഗ്രീസ് നദീതടത്തില്‍ സ്ഥാപിക്കപ്പെട്ടത്. പൗരാണിക കാലത്ത് അസീറിയയുടെ തലസ്ഥാനമായിരുന്നു ഇവിടം. ആദ്യകാലത്ത് കല്‍ഹു എന്നറിയപ്പെട്ട ഈ നഗരത്തിന് പിന്നീടാണ് നിമ്‌റൂദ് എന്ന അറബി പേര് കൈവന്നത്. 1820-ലാണ് ഈ പുരാതന നഗരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവന്നത്. ഇതിനു ശേഷം നിരവധി കൊള്ളയടിക്കലുകള്‍ക്ക് നഗരം വിധേയമായിരുന്നു.

ഇറാഖിന്റെ സമ്പന്നമായ ചരിത്രപൈതൃകത്തെ ഒന്നൊന്നായി നശിപ്പിക്കലാണ് ഭീകരരുടെ ലക്ഷ്യമെന്ന് ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ ഇറാഖി പുരാവസ്തു വിദഗ്ധന്‍ അബ്ദുല്‍ ആമിര്‍ ഹമദാനി പറഞ്ഞു. യുനെസ്‌കോ പൈതൃകപട്ടികയിലുള്ള നിനവേ പ്രവിശ്യയിലെ മനോഹരമായ ഹത്രയായിരിക്കും ഭീകരരുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാഖി പൈതൃകത്തിന് നേരേയുള്ള ഭീകരാക്രമണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ഇറാഖ് ഡയറക്ടര്‍ ആക്‌സെല്‍ പ്ലാത്തെ സംഭവത്തെ വിശേഷിപ്പിച്ചത്.

സംഭവത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും അന്താരാഷ്ട ക്രിമിനല്‍ കോടതി നഗരം തകര്‍ക്കലിനെ യുദ്ധക്കുറ്റമായിക്കണ്ട് നടപടിയെടുക്കണമെന്നും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഐറിന ബോകോവ ആവശ്യപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :