പാശ്‌ചാത്യ വെബ്‌സൈറ്റുകള്‍ വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നു, തടയിടാന്‍ സ്വന്തം ഡേറ്റിംഗ് സൈറ്റുമായി ഇറാന്‍

ടെഹ്‌റാന്‍| VI9SHNU| Last Modified വെള്ളി, 29 മെയ് 2015 (11:28 IST)
പാശ്‌ചാത്യ ശൈലിയിലുള്ള ഡേറ്റിംഗ്‌ വെബ്‌സൈറ്റുകള്‍ സദാചാരവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതാണ്
എന്നാരോപിച്ച് സ്വന്തം ഡേറ്റിംഗ് സൈറ്റുമായി ഇറാന്‍. ഇസ്ലാമിക് യാഥാസ്ഥിക രാജ്യമായ ഇറാന്‍ ഇസ്ലാമിക രീതികള്‍ പാലിക്കുന്നതിനനനുസരിച്ചുള്ള വെബ്സൈറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പാശ്‌ചാത്യ സൈറ്റുകള്‍ മതാചാരപ്രകാരം ഇറാനില്‍ കടുത്ത ശിക്ഷയ്‌ക്ക് പാത്രമാകുന്ന വ്യഭിചാരത്തെയും വിവാഹപൂര്‍വ്വ ലൈംഗികതയും ഹൃസ്വബന്ധങ്ങളും പ്രചരിപ്പിക്കുമെന്നാണ്‌ ഇറാന്‍ ഭയക്കുന്നത്‌. ഇത് ഒഴിവാക്കുകയാണ് ലക്ഷ്യം.

പാശ്‌ചാത്യ ശൈലിയില്‍ വിവാഹമോചനം യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്ത്‌ ഇസ്ലാമിക രീതിയില്‍ കുടുംബ ജീവിതം നടത്താന്‍ സഹായിക്കുന്നതിനായാണ്
ഡേറ്റിംഗ്‌ വെബ്‌സൈറ്റുമായി ഇറാന്‍ രംഗത്ത് വന്നത്. ഇതിനായി
ഹംസാന്‍ ഡോട്ട്‌ ടെബ്യാന്‍ ഡോട്ട്‌ നെറ്റ്‌ എന്ന സൈറ്റുമായാണ്‌ ഇറാന്‍ എത്തുന്നത്‌. ഇസ്‌ളാമിക ജീവിതരീതികളെ പ്രോത്സാഹിപ്പിക്കാനായി നിലകൊള്ളുന്ന ഇസ്‌ളാമിക്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനാണ്‌ സൈറ്റിന്‌ പിന്നില്‍. ഇസ്‌ളാമിക്‌ ലൈഫ്‌ സ്‌റ്റൈല്‍ പോര്‍ട്ടലായ ടെബ്യാന്‍ ഡോട്ട്‌ നെറ്റിനെയും ഇതിലേക്ക്‌ ബന്ധിപ്പിച്ചിട്ടുണ്ട്‌.

മതാചാരങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സാധാരണ വെബ്‌സൈറ്റുകളില്‍ കാണുന്നത്‌ പോലെ മറ്റൊരു യൂസറിന്റെ പ്രൊഫൈലില്‍ കയറാനോ ഫോട്ടോകള്‍ കാണാനോ കഴിയില്ല. എന്നാല്‍ അടിസ്‌ഥാന വിവരങ്ങളോടെ ഉപയോക്‌താവിന്‌ വെബ്‌സൈറ്റില്‍ തെരയാം. ഉയരം തൂക്കം നിറം മാതാപിതാക്കളുടെ ജോലി വൈവാഹിക നില എന്നിവയെല്ലാം നല്‍കാം.

ഇറാനിലെ 22 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തില്‍ കലാശിക്കുന്നതായും തലസ്‌ഥാനമായ ടെഹ്‌റാനില്‍ ഇത്‌ വര്‍ദ്ധിക്കുന്നതായുമാണ്‌ കണ്ടെത്തല്‍. 30 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ വിവാഹമോചനം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ്‌ ഇന്റര്‍നെറ്റിനും സാമൂഹ്യസൈറ്റുകള്‍ക്കും നിയന്ത്രണമുള്ള രാജ്യത്ത്‌ സര്‍ക്കാര്‍ തന്നെ ഈ ആശയവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :