ജോലിചെയ്ത് നടുവേദനയായി, ജോലിക്കാരി കേസുകൊടുത്തു!

ഐസിഐസിഐ ബാങ്ക്,കേസ്,ജോലിക്കാരി
ലണ്ടണ്‍‍| VISHNU.NL| Last Modified ബുധന്‍, 25 ജൂണ്‍ 2014 (15:08 IST)
ജോലിക്കാരിക്ക് നടുവേദന വന്നതിന് ബാങ്കിന് 1.5 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരത്തിന് നോട്ടീസ്. ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് കമ്പനിയായ ഐസിഐസിഐയുടെ യുകെയിലെ ബ്രാഞ്ചാണ്‍ ഇപ്പോള്‍ അപൂര്‍വ്വമായൊരു നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.

ബാങ്കിലെ മാര്‍ക്കറ്റിങ് സ്റ്റാഫ് ശില്‍പ്പയാണ് കേസ് കൊടുത്തിട്ടുള്ളത്. കുനിഞ്ഞിരുന്ന് കടലാസു പെറുക്കിയും, അതു വാരിയെടുത്തും ശില്‍പ്പയ്ക്ക് നടുവേദന വന്നു. ചികിത്സയ്ക്ക് കുറേ പണം ചെലവാക്കി. ഇത് തിരികെ കിട്ടണേന്നാണ് ശില്‍പ്പയുടെ ആവശ്യം.

നഷ്ടപരിഹാരമായി ഒരു മില്യന്‍ പൗണ്ടും, ചികിത്സയ്ക്ക് അഞ്ചു ലക്ഷം പൗണ്ടുമാണ് ശില്‍പ്പ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മേശയ്ക്കു സമീപം ഇത്തരം ബ്രോഷറുകള്‍ നിക്ഷേപിക്കരുതെന്നു കാണിച്ച് മാനേജര്‍ക്ക് അയച്ച ഇമെയില്‍ സഹിതമാണ് അവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ബാങ്കില്‍ എത്തിയ പുതിയ ബ്രോഷറുകള്‍ അടങ്ങിയ നിരവധി കെട്ടുകള്‍ അടുക്കുവയ്ക്കുന്നതിനിടെയാണ് ശില്‍പ്പയ്ക്ക് നടുവേദന ആരംഭിച്ചത്. ഡോക്ടറുടെ അടുക്കല്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഭാരം ഉയര്‍ത്തിയതാകാം കാരണം എന്നും പറഞ്ഞു.

2009ല്‍ നടുവേദന കലശലായതിനെ തുടര്‍ന്ന് ശില്‍പ്പ ജോലി രാജിവയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് ബാങ്കിനെതിരെ ശില്‍പ്പ കോടതി കയറിയത്. മേശയ്ക്കു ചുറ്റും ബ്രോഷറുകളും കടലാസും വലിച്ചെറിയരുതെന്ന് അഭ്യര്‍ഥിച്ച് മാനേജര്‍ക്ക് ശില്‍പ്പ അയച്ച ഇ മെയിലിന്റെ കോപ്പിയാണ് കോടതിയില്‍ തെളിവായി ഹാജരാക്കിയിരിക്കുന്നത്.

തന്റെ നടുവേദനമൂലം ജോലി ചെയ്യാന്‍ കഴിയാതെ വന്നതിനുള്ള നഷ്ടപരിഹാരമാണ് ഒരു മില്യണ്‍. ബാക്കി തുക തുടര്‍ ചികിത്സയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :