ഇസ്‍ലാമാബാദ്|
jibin|
Last Modified തിങ്കള്‍, 8 മെയ് 2017 (19:54 IST)
തോക്കിൻ മുനയിൽ നിർത്തി പാകിസ്ഥാന്‍ പൗരനെകൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഇന്ത്യൻ യുവതിയുടെ പരാതി. ഇരുപതുകാരിയായ
ഉസ്മ എന്ന പെൺകുട്ടിയാണ് പരാതിക്കാരി. ഇന്ത്യൻ ഹൈക്കമ്മിഷനിൽ വിവരമറിയിച്ച പെണ്‍കുട്ടി ഇസ്‍ലാമാബാദ് കോടതിയിൽ ഇതുസംബന്ധിച്ച് ഹർജി നൽകുകയും ചെയ്‌തു.
ഭർത്താവും പാക് പൗരനുമായ താഹിർ അലിക്കെതിരെയാണ് ഉസ്‌മ മജിസ്ട്രേറ്റിന് മൊഴി നൽകിയത്. പാക് ചാനലായ ജിയോ ന്യൂസാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
മലേഷ്യയിൽ വച്ചാണ് ഉസ്മയും അലിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. മേയ് ഒന്നിന് വാഗ അതിർത്തി വഴി ഉസ്‌മ പാകിസ്ഥാനിലെത്തുകയും മേയ് മൂന്നിന് നിക്കാഹ് നടത്തിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാല്‍,
അലി വിവാഹിതനും നാലു കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞതോടെ യുവതി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും ഇമിഗ്രേഷൻ രേഖകൾ അലി കൈക്കലാക്കിയിരുന്നു. തുടര്‍ന്നാണ് നിർബന്ധിച്ച് തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചത്.
വഞ്ചിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ മേയ് അഞ്ചിന് ഉസ്‌മ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സഹായം തേടി എത്തി. സ്വദേശത്തേക്ക് സുരക്ഷിതമായി തിരികെ വിടണമെന്നും അല്ലെങ്കില്‍ ഹൈക്കമ്മിഷനിൽ നിന്നും പുറത്തു പോകില്ലെന്നുമുള്ള നിലപാടിലായിരുന്നു ഇവര്‍. അലി ഇവിടെയെത്തി യുവതിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ഇതിനിടെ തന്റെ ഭാര്യയെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസില്‍ വച്ച് കാണാതായെന്ന പരാതിയുമായി അലി രംഗത്തെത്തി. തനിക്ക് വേണ്ടിയുള്ള ഇന്ത്യൻ വീസയ്ക്ക് അപേക്ഷയുമായി എത്തിയപ്പോഴാണ് ഭാര്യയെ കാണാതായതെന്നായിരുന്നു ഇയാളുടെ ആരോപണം. ഇക്കാര്യം ഇന്ത്യ നിഷേധിക്കുകയും യുവതി സഹായം തേടിയാണ് എത്തിയതെന്ന്
ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കുകയും ചെയ്‌തു.
ഉസ്‌മ ബന്ധുക്കളെ കാണാനാണ് പാകിസ്ഥാനില്‍ എത്തിയതെന്നും വിവാഹം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടി അറിയിച്ചിരുന്നില്ലെന്നും പാക്
ഹൈക്കമിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കോടതിയിൽ ഹാജരാകാതെ മാറി നില്‍ക്കുകയാണ് താഹിർ അലി.