vishnu|
Last Modified വ്യാഴം, 29 ജനുവരി 2015 (12:32 IST)
പ്രകാശത്തിന് ശൂന്യതയില്‍ സ്ഥിരമായ പ്രവേഗമാണെന്നാണ് ഇപ്പോള്‍ ലോകത്തുള്ള സകല ശാസ്ത്ര വിദ്യാര്‍ഥികളും പഠിച്ചുകൊണ്ടിരിക്കുന്നത്. പ്രകാശത്തിന്റെ ഈ പ്രവേഗം സ്ഥിരാങ്കം എന്ന പേരില്‍ പല ശാസ്ത്രീയ നിരീക്ഷണങ്ങളിലും ഉപയോഗിക്കാറുണ്ട്. ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത വളരെ പ്രാധാന്യമുള്ളൊരു ഭൗതികമാനകവും ഒരു ചരവും ആണ്. ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗത സെക്കണ്ടില്‍ 29,97,92,458 മീറ്റര്‍ ആണ്. ഏകദേശം മൂന്നു ലക്ഷം കിലോമിറ്റര്‍/സെക്കന്റ്. ഈ വേഗം പ്രകാശസ്രോതസിനെ ആശ്രയിക്കുന്നില്ല. ഈ വേഗതയെ c എന്ന അക്ഷരം കൊണ്ടാണു സൂചിപ്പിക്കുന്നത്. എല്ലാ വിദ്യുത്കാന്തിക തരംഗങ്ങളുടേയും ശൂന്യതയിലെ വേഗതയും ഇതു തന്നെയാണ്.
ഇത്രയധികം പ്രാധാന്യമുള്ള പ്രകാശ വേഗത തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാലൊ? ഞെട്ടുക തന്നെ ചെയ്യും, കാരണം ഇന്നോളം ഭൌതിക ശാസ്ത്രം കറങ്ങിക്കൊണ്ടിരുന്ന സ്ഥിരാങ്കം അത്രക്കങ്ങ് സ്ഥിരമല്ല എന്നാണ് ഇപ്പോള്‍ വരുന്ന പഠന ഫലങ്ങള്‍. ശൂന്യതയില്‍ പ്രകാശവേഗം കുറയ്ക്കാമെന്ന സ്‌കോട്ടിഷ് ഗവേഷകരുടെ കണ്ടെത്തലാണ് ഈ സൂചന നല്‍കിയത്. ശൂന്യതയില്‍ പ്രകാശവേഗം സ്ഥിരമായിരിക്കും എന്നകാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.
ഗ്ലാസ്‌കോ സര്‍വകലാശാല, ഹിരിയറ്റ്-വാട്ട് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ വന്നിരിക്കുന്നത്. ശൂന്യതയിലൂടെ രണ്ട് പ്രകാശകണങ്ങളെ (ഫോട്ടോണുകളെ) കടത്തിവിട്ടാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. അതില്‍ ഒരെണ്ണത്തെ ഒരു പ്രത്യേക ഉപകരണത്തിലൂടെ പ്രവേശിപ്പിച്ച് ആകൃതിവ്യത്യാസം വരുത്തിയിരുന്നു.
രണ്ട് പ്രകാശകണങ്ങളില്‍ ആകൃതിവ്യത്യാസം വരുത്തിയ കണത്തിന്റെ വേഗം ശൂന്യതയില്‍ പ്രകാശവേഗത്തിലും കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതേസമയം, ആകൃതിവ്യത്യാസം വരുത്താത്തത് പ്രകാശവേഗത്തില്‍ തന്നെ സഞ്ചരിച്ചു. അതായത് ഭാവിയില്‍ മനുഷ്യന് പ്രകാശത്തിന്റെ വേഗത്തിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം.
വായു, ജലം തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രകാശവേഗം കുറയാറുണ്ട്. അതേപോലെ ശൂന്യതയില്‍ സഞ്ചരിക്കുന്ന പ്രകാശത്തിനും സമാനമായ വൈദ്യുത കാന്തിക തരംഗങ്ങളും ഇതേ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നാണ് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.