അങ്ങനെ പ്രകാശവും ദ്രവ്യമാകാന്‍ പോകുന്നു!

ലണ്ടണ്‍‍| VISHNU.NL| Last Modified ശനി, 31 മെയ് 2014 (17:10 IST)
പ്രകാശം ദ്രവ്യമാകാന്‍ പോകുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇത് സാധ്യമല്ലെന്നും ഇപ്പോ ശരിയാക്കിത്തരാം എന്നു ചിന്തിക്കുന്നവരും തമ്മില്‍ ഭൌതിക ശാസ്ത്രലോകത്ത് നിരന്തരം ചര്‍ച്ചകളും വാഗ്വാദങ്ങളും നടന്നു കഴിഞ്ഞതാണ്. അതൊക്കെ ഇനി പഴങ്കഥയാകാന്‍ പോകുന്നു.

ഇനി അധികം കാത്തിരിക്കേണ്ടി വരില്ല പ്രകാശത്തില്‍ നിന്ന് ദ്രവ്യം ഉരുത്തിരിയുമോ എന്ന് അറിയാന്‍ ഇനി കുറച്ചു നാളുകള്‍ മാത്രം. 1934ല്‍തന്നെ പ്രകാശത്തെ ദ്രവ്യമാക്കി മാറ്റാം എന്ന് കാട്ടീ ആറ്റംബോംബിന്റെ സൃഷ്ടാക്കളായ ഗ്രിഗറി ബ്രെയ്റ്റ്, ജോണ്‍ വീലര്‍ എന്നീ യുഎസ് ശാസ്ത്രജ്ഞര്‍ ഒരു തിയറി തന്നെ കൊണ്ടുവന്നു.

ശാസ്ത്രത്തില്‍ അന്ന് അത് ഭ്രാന്തന്‍ ആശയമായിക്കണ്ട് തലമൂത്ത പലരും തള്ളിക്കളഞ്ഞു എന്നത് വേറെ കര്യം. എന്നാല്‍ അന്നുമുതല്‍ ഈ ഉട്ടോപ്യന്‍ ആശയവുമായി നടന്നവരുടെ പരമ്പരകളുടെ അശ്രാന്ത പരിശ്രമമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുത്തിരിക്കുന്നത്.

എട്ടു ദശകത്തോളമായി ഭൗതികശാസ്ത്രജ്ഞരെ വലച്ചുകൊണ്ടിരിക്കുന്ന സമസ്യ പൂരിപ്പിക്കാന്‍ എത്തിയിരിക്കുന്നത് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഭൗതികശാസ്ത്രജ്ഞരാണ്. രണ്ടു ഫോട്ടോണുകളെ (പ്രകാശകണങ്ങളെ) തമ്മില്‍ അതീവ ശക്തിയില്‍ കൂട്ടിയിടിപ്പിച്ച് ഇലക്ട്രോണും അതിന്റെ പ്രതികണമായ പോസിട്രോണും സൃഷ്ടിക്കാമെന്നാണ് അവര്‍ സിദ്ധാന്തിച്ചത്.

എന്നാല്‍ ഇതിനു പറ്റിയ പരീക്ഷണ സാമഗ്രികള്‍ എന്തൊക്കെയാണെന്ന് അപ്പോള്‍ അവര്‍ക്കുപോലും അറിയുമായിരുന്നില്ല എന്നതാണ് സത്യം. സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ സാങ്കേതിക ബ്ദ്ധിമുട്ടുകള്‍തന്നെയായിരുന്നു പ്രധാന വെല്ലുവിളി.

ശസ്ത്ര കണ്ടുപിടുത്തങ്ങള്‍ പണ്ടുമുതലെ ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു. മനുഷ്യന്‍ തീ കണ്ടുപിടിച്ച അന്നുമുതല്‍ E=mc2 എന്ന സമവാക്യം ഐന്‍സ്റ്റീനിന്റെ തലയില്‍ ഉരുത്തിരിഞ്ഞതുവരെ ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു. അത് ചരിത്രം.

അതേപോലൊരു ആകസ്മികതയുടെ ഔദാര്യമാണ് ഇക്കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇംപീരിയല്‍ കോളേജിലെ ബ്ലാക്കെറ്റ് ഫിസിക്സ് ലാബില്‍ ഭൗതികശാസ്ത്രജ്ഞര്‍ ഒത്തുകൂടുകയും നിരവധി തലകള്‍ ചൂടുപിടിച്ച് പുകയുകയും ചെയ്തുകോണ്ടിരുന്ന ഒരു ദിവസം. ന്യൂക്ലിയര്‍ ഫ്യൂഷനേപ്പറ്റി കുലംകലുഷമായി ചര്‍ച്ചകള്‍ അവിടെ നടന്നു.

അപ്പോഴാണ് ഒരുവന്റെ മനസില്‍ ലഡ്ഡു പൊട്ടിയത്. എന്തുകൊണ്ട് നമുക്കൊരു ടേബിള്‍ ടോപ്പ് ഫോട്ടോണ്‍-ഫോട്ടോണ്‍ കൊളൈഡര്‍ ഉണ്ടാക്കിക്കൂട. ഒലിവര്‍ പൈക്ക്, ഫെലിക് മക്കെന്‍റോ, എഡ്വേഡ് ഹില്‍, സ്റ്റീവ് റോസ് എന്നീ പ്രതിഭകളാണ് ചര്‍ച്ച്യില്‍ പങ്കെടുത്തവര്‍.

അതിന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ന്യൂക്ലിയര്‍ ഫ്യൂഷനെക്കുറിച്ചല്ലെ ദ്രവ്യത്തേക്കുറിച്ചല്ലല്ലോ എന്ന് അവരെല്ലാം ഒരേപോലെ പറഞ്ഞു. പിന്നെ മിന്നിയത് ഒരായിരം ബള്‍ബുകളാണ് അവരുടെ മനസില്‍. അങ്ങനെയെങ്കില്‍ നമുക്ക് പ്രകാശത്തെ ഇതുകൊണ്ട് ദ്രവ്യമാക്കിക്കൂടെ?

ഇനി ഒരുവര്‍ഷത്തിനുള്ളില്‍തന്നെ പരീക്ഷണ തെളിയലിനു സാധ്യതയുണ്ടെന്നാണ് ഇംപീരിയല്‍ ഗവേഷകരുടെ അവകാശവാദം. ഇതിനായി യുകെയിലെ ആറ്റോമിക് വെപ്പണ്‍സ് ഫസിലിറ്റിയിലെ ഓറിയോണ്‍ ലേസറും ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ സര്‍വകലാശാലയിലെ ഒമേഗ ലേസറുമൊക്കെ പ്രയോജനപ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

നേച്വര്‍ ഫോട്ടോണിക്സിലാണ് പരീക്ഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ഫോട്ടോണ്‍-ഫോട്ടോണ്‍ കൊളൈഡര്‍ ഉപയോഗിച്ച് പ്രപഞ്ചാരംഭത്തിന്റെ ആദ്യ 100 സെക്കന്‍ഡുകള്‍ക്കു സമാനമായ അതിശക്തമായ ഗാമാകിരണങ്ങള്‍ ഉത്സര്‍ജിക്കപ്പെടുന്ന അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കുക എന്നതാണ് പ്രധാന കടമ്പ.

ഇതിന്റെ ആദ്യപടിയായി ഉയര്‍ന്ന തീവ്രതയുള്ളതും ശക്തിയേറിയതുമായ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് ഇലക്ട്രോണുകളെ പ്രകാശവേഗത്തോട് അടുത്ത വേഗത്തിലേക്ക് ഉയര്‍ത്തും. ഈ ഇലക്ട്രോണുകള്‍ ഒരു സ്വര്‍ണത്തകിടിലേക്ക് അതിശക്തിയില്‍ പായിക്കുമ്പോള്‍ ഒരു ഫോട്ടോണ്‍ ധാര രൂപംകൊള്ളും. അതും ദൃശ്യപ്രകാശത്തിലെ ഫോട്ടോണുകളെക്കാള്‍ ഏതാണ്ട് 100 കോടിയോളം മടങ്ങ് ഊര്‍ജമുള്ളവ.

അകം പൊള്ളയായതും ഉള്ളില്‍ നിര്‍വാത അവസ്ഥ സജ്ജമാക്കിയതുമായ ഒരു കുഞ്ഞു സ്വര്‍ണ സിലിന്‍ഡറിനുള്ളിലേക്ക് ഉന്നത ഊര്‍ജനിലയിലുള്ള ലേസര്‍ കിരണങ്ങള്‍ കടത്തിവിടുകയാണ് അടുത്തപടി. ഹോള്‍റാം എന്നറിയപ്പെടുന്ന ഇത്തരം കുഞ്ഞന്‍ സിലിന്‍ഡറുകള്‍ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണങ്ങളുടെ ഡിസൈനില്‍ ഉണ്ട്.

സിലിന്‍ഡറിന്റെ ആന്തര പ്രതലത്തിലേക്ക് ലേസര്‍ പായിക്കുമ്പോള്‍ അതിനുള്ളില്‍ ഒരു തെര്‍മല്‍ റേഡിയേഷന്‍ ഫീല്‍ഡ് ഉണ്ടാവുകയും നക്ഷത്രങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന പ്രകാശത്തിനു സമാനമായ പ്രകാശം ഉണ്ടാവുകയും ചെയ്യും.

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ രൂപംകൊണ്ട അത്യുന്നത ഊര്‍ജനിലയിലുള്ള ഫോട്ടോണുകളെ അതിവേഗം ഇതിനുള്ളിലേക്ക് കടത്തിവിടുക എന്നതാണ് അടുത്തഘട്ടം. രണ്ടു സ്രോതസ്സുകളില്‍നിന്നുമുള്ള അതിശക്തമായ, ഉന്നത ഊര്‍ജനിലയിലുള്ള ഫോട്ടോണ്‍-ഫോട്ടോണ്‍ കൂട്ടിയിടിയിലൂടെ ഒരുലക്ഷത്തോളം ഇലക്ട്രോണ്‍ പോസിട്രോണ്‍ ജോഡികള്‍ രൂപംകൊള്ളും.

പ്രകാശകണങ്ങളായ ഫോട്ടോണുകളുടെ പ്രതിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച രഹസ്യങ്ങള്‍കൂടിയാണ് ചുരുള്‍നിവരാന്‍ പോവുന്നത്. ഒപ്പം കണഭൗതികത്തിലെ ക്വാണ്ടം ഇലക്ട്രോഡൈനാമിക് സിദ്ധാന്തങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും ലഭിക്കും. ഏതായലും ബ്രെയ്റ്റും വീലറും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല തങ്ങളുടെ സിദ്ധാന്തം ഏതെങ്കിലും ലാബില്‍ പരീക്ഷണത്തിലൂടെ തെളിയിക്കാന്‍ സാധിക്കുമെന്ന്. ഇനി അതും നടക്കാന്‍ പോകുന്നു.....


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :