വാഷിങ്ടണ്‍|
aparna shaji|
Last Modified ശനി, 21 ജനുവരി 2017 (07:23 IST)
അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തില്‍ ഇതിന് മുമ്പില്ലാത്ത വിധം അതിശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അതിതീവ്രമായ അമേരിക്കന്‍ ദേശീയവികാരം ഉയര്‍ത്തിവിട്ടായിരുന്നു ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യപ്രസംഗം.
ക്യാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സും അധികാരത്തിലേറി. അമേരിക്കയുടെ താത്പര്യങ്ങള്‍ക്കാവും തന്റെ പ്രഥമ പരിഗണനയെന്ന് തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.
'അമേരിക്കയുടെ നാശം' ഈ നിമിഷം അവസാനിക്കുന്നു എന്ന വാഗ്ദാനമാണ് ആദ്യപ്രസംഗത്തില്‍ ട്രംപ് നല്‍കിയത്. തൊഴിലില്ലായ്മ, നഗരകേന്ദ്രീകൃതമായ അക്രമങ്ങള്‍ എന്നിവയെല്ലാം കാരണം അമേരിക്കയുടെ സമ്പത്തും ആത്മവിശ്വാസവും തകരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രഖ്യാപനം.
തൊഴിലവസരങ്ങളും, അതിര്‍ത്തിയും, സമ്പത്തും, സ്വപ്നങ്ങളും തിരിച്ചുപിടിക്കും. സ്വന്തം അതിര്‍ത്തിയെക്കുറിച്ച് ചിന്തിക്കാതെയാണ് അമേരിക്ക മറ്റുരാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇറങ്ങിയത്. പ്രതിസന്ധികളെ തരണംചെയ്ത് അമേരിക്കയെ ശക്തമായ രാജ്യമാക്കുകയാണ് തന്റെ ലക്ഷ്യം. ഒബാമ ഭരണകൂടത്തെ അതിരൂക്ഷമായി വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ പ്രസംഗം.
അമേരിക്കയുടെ നാശം ഇവിടെ അവസാനിക്കുന്നു. പൊള്ളയായ സംസാരങ്ങളുടെ കാലം കഴിഞ്ഞു. ഇനി പ്രവൃത്തിയുടെ മണിക്കൂറുകളാണ്. സാധ്യമാകാത്തകാര്യം പറയാന്‍ ആരെയും ഇനി അനുവദിക്കരുത്. ഇത് മുമ്പുള്ളതുപോലെ കേവലം അധികാരകൈമാറ്റമല്ല ഇത്. വാഷിങ്ടണ്‍ ഡിസിയില്‍നിന്ന് അധികാരം നിങ്ങളിലേക്ക്, ജനങ്ങളിലേക്ക് തിരിച്ചുനല്‍കുന്ന ചടങ്ങാണ്.
രണ്ട് ലക്ഷത്തോളം പേരാണ് സത്യപ്രതിജ്ഞ നടക്കുന്ന വേളയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ പ്രതിഷേധവുമായി എത്തിയത്. അസാധാരണമായിരുന്നു ഈ പ്രതിഷേധം. തടിച്ചുകൂടിയവരെ പിന്തിരിപ്പിക്കാന് പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. 217പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്.