ലൊക്കേഷനില്‍ മമ്മൂട്ടി ബിരിയാണി വിളമ്പുന്നത് മോഹന്‍‌ലാലിന്റെ കൊതി കാരണം!

മോഹൻലാലിന്റെ കൊതി, മമ്മൂട്ടി ശീലിച്ചു - ഇപ്പോൾ നൂറു തികച്ചു!

aparna shaji| Last Modified വെള്ളി, 20 ജനുവരി 2017 (14:42 IST)
മമ്മൂട്ടിയുടെ ലൊക്കേഷനിൽ ഒരു ദിവസം ബിരിയാണി നൽകുന്ന കാര്യം ആരാധകർക്ക് മാത്രമല്ല സിനിമാമോഹികൾക്കും അറിയാവുന്നതാണ്. കൂടെ അഭിനയിച്ചവർ പല തവണ അഭിമുഖങ്ങളിൽ ഇതു പറഞ്ഞി‌ട്ടുണ്ട്. ഏറ്റവും അവസാനമായി മമ്മൂട്ടി ബിരിയാളി വിളമ്പിയത് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തൻപണം എന്ന പുതിയ സിനിമയുടെ സെറ്റിലാണ്. ഇതിനൊരു പ്രത്യേകതയുമുണ്ട്. മമ്മൂട്ടി ബിരിയാണി നൽകുന്ന നൂറാമത്തെ സെറ്റാണ് ഈ സിനിമ.

മട്ടൻ ബിരിയാണിയായിരുന്നു ഇത്തവണത്തെ സ്പെഷൽ. കണ്ണൂർ തളിപ്പറമ്പിലെ പാലസ് കിച്ചൻസ് കാറ്ററിങ് ഉടമ അബ്ദുവിനായിരുന്നു ചുമതല. അതും മമ്മൂട്ടിയുടെ നേരിട്ടുള്ള ക്ഷണപ്രകാരം. കോഴിക്കോട് ഹോട്ടൽ മഹാറാണിയിലായിരുന്നു പരിപാടി. സംവിധായകൻ രഞ്ജിത് അടക്കം നൂറ്റമ്പതുപേർക്കാണ് ബിരിയാണി വിളമ്പിയത്.

എന്തുകൊണ്ടാണ് ലൊക്കേഷനിൽ ഒരു ദിവസം എല്ലാവർക്കും ബിരിയാണിയെന്ന് മനോരമയുടെ അഭിമുഖത്തിൽ ചോദിച്ചപ്പോ‌ൾ ഒരു കഥയായിരുന്നു അന്ന് മെഗാസ്റ്റാർ നൽകിയത്. ''ആ ബിരിയാണിയുടെ തുടക്കം ഒരു ചോറുപൊതിയിൽ നിന്നാണ്. ആൺകുട്ടികൾ ഹൈസ്കൂളിലെത്തുമ്പോൾ ഉപേക്ഷിക്കുന്ന ആദ്യത്തെ വസ്തു എന്താണെന്നറിയാമോ ! സ്വന്തം പേരെഴുതിയ സ്റ്റീൽ ചോറ്റു പാത്രം!. പെൺകുട്ടികൾ നെഞ്ചോടു ചേർത്തു പിടിക്കുന്ന ചോറ്റുപാത്രം ആൺകുട്ടികൾക്ക് ചമ്മലാണ്. ഞാൻ ചോറ്റുപാത്രം കൊണ്ടുപോകാതെയായപ്പോഴാണ് ഉമ്മ ഇലപ്പൊതിയുമായി രംഗത്തെത്തിയത്.

നല്ല വാഴയില വെട്ടി ചെറുതീയിൽ ചൂടാക്കും. ഇലയുടെ മുഖമൊന്നു വാടിയാൽ അതിൽ വെളിച്ചെണ്ണ പുരട്ടി ആശ്വസിപ്പിക്കും. എന്നിട്ട് നല്ല ചൂടുള്ള ചോറ് ഇലയിൽ ഇട്ടിട്ട് അതിൽ അച്ചാറും മീൻ പൊരിച്ചതും മുട്ടപൊരിച്ചതും അടുക്കി വച്ചാണ് ഉമ്മയുടെ ചോറുപൊതി.

വാഴയില വാടുമ്പോൾത്തന്നെ ഒരു മണമുണ്ട്. വെളിച്ചെണ്ണയും ചൂടു ചോറും മീനും മുട്ടയും കൂടി ചേരുമ്പോൾ എന്താ മണം ! ഒരു തരി പോലും പുറത്തുപോവാതിരിക്കാൻ ഇല നല്ല ചതുര വടിവിൽ പൊതിഞ്ഞ് വാഴനൂലിട്ട് കെട്ടും. എന്നിട്ട് പത്രക്കടലാസിൽ അമർത്തി പൊതിയും. ചതുരത്തിലുള്ള ഫിറ്റായ പൊതി കണ്ടാൽ പാഠപുസ്തകം ആണെന്നേ തോന്നൂ.

ഞാൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണമാണിത്. ഇപ്പോഴും കുറച്ചു ദിവസം തുടർച്ചയായി സിനിമാ സെറ്റിൽ നിന്നു ഭക്ഷണം കഴിച്ചാൽ പഴയ ഇലപ്പൊതിയോടു കൊതി തോന്നും. മമ്മൂട്ടി പറയുന്നു. എന്നാൽ ഈ പൊതിച്ചോറ് ബിരിയാണിയായി മാറിയതിന്റെ പിന്നിൽ മറ്റൊരു സൂപ്പർതാരമാണ്. സാക്ഷാൽ മോഹൻലാൽ!.

''ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിന്റെ ഷൂട്ടിങ്. അന്ന് ഞാൻ സുലുവിനെ സോപ്പിട്ടു. പണ്ട് ഉമ്മയുണ്ടാക്കി തരുന്നതുപോലൊരു പൊതിയുണ്ടാക്കി തരണം. അന്ന് സെറ്റിൽ മോഹൻലാലൊക്കെയുണ്ട്. ഒരു ദിവസം എനിക്കു മാത്രം ഉച്ചയ്ക്ക് ഒരു പൊതി കിട്ടിയപ്പോൾ ലാൽ അടുത്തു കൂടി.. എന്താ ഇത്?.

ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക.

ഹരികൃഷ്ണൻസിൽ ജൂഹി ചൗള ഉണ്ടാക്കി കൊണ്ടുവരുന്ന ഉപ്പും എരിവും കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന രംഗമുണ്ട്. പക്ഷേ ക്യാമറയ്ക്കു മുന്നിൽ ഇരുന്നപ്പോൾ വിളമ്പിയത് സാധാരണയിലും നല്ല രുചിയുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണത്തെ കുറ്റം പറയാൻ അന്നും ഇന്നും എനിക്ക് സങ്കടമാണ്. പക്ഷേ കുറ്റം പറയുന്നതാണ് സീൻ. അങ്ങനെ നല്ല ഭക്ഷണം നല്ല രുചിയോടെ കഴിക്കുന്നു. ചീത്ത ഭക്ഷണമാണെന്ന മട്ടിൽ അഭിനയിക്കുന്നു ! ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഞാൻ കള്ള ആക്ടിങ് ചെയ്തത്. മമ്മൂട്ടി പറയുന്നു.


(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓ‌ൺലൈൻ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :