ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി

ജൊഹാനസ്ബർഗ്| VISHNU N L| Last Modified ശനി, 21 നവം‌ബര്‍ 2015 (15:21 IST)
ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തി. രത്നങ്ങളുടെ നാടായ ബോട്സ്വാനയിലെ വജ്രക്കമ്പനിയുടെ കരോവെയിലെ ഖനിയിൽനിന്നാണ് വജ്രം കണ്ടെത്തിയത്. 1,111 കാരറ്റ് പരിശുദ്ധിയുള്ള വജ്രത്തിന്റെ കണ്ടെത്തല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലാണെന്നാണ് പറയുന്നത്.

കള്ളിനാൻ വജ്രം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വജ്രമാണിത്. കയ്യോളം വലിപ്പമുള്ള ഇതിന്റെ മൂല്യം നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽനിന്നു കിട്ടിയ നൂറു കാരറ്റ് വജ്രം 2.21 കോടി ഡോളറിനാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ലേലത്തിൽ പോയത്. അതിനാല്‍ ഇതിന്റെ മൂല്യം 5 കോടി ഡോളറിനു മുകളില്‍ വരുമെന്നാണ് കരുതുന്നത്.

813 കാരറ്റും 374 കാരറ്റുമുള്ള രണ്ട് വൈറ്റ് ഡയമണ്ടുകളും ഇതേ ഖനിയിൽനിന്നു ലഭിച്ചിട്ടുണ്ടെന്നും ല്യുകാറ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. രത്നവാർത്തയോടെ കമ്പനിയുടെ ഓഹരിമൂല്യം കുതിച്ചുയരുകയും ചെയ്തു. ലോകത്തെ ഏറ്റവും വലുതെന്ന ഖ്യാതിയുള്ള കള്ളിനാൻ വജ്രം കണ്ടെത്തിയത് 1905ൽ. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള ഖനിയിൽനിന്നായിരുന്നു 3106 കാരറ്റിന്റെ അമൂല്യ രത്നം ലഭിച്ചത്.

എന്നാല്‍ അന്ന് ബ്രിട്ടന്റെ കോളനിയായിരുന്ന ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ഭരണകൂടം ബ്രിട്ടീഷ് രാജാവായിരുന്ന ഏഡ്വേഡ് ഏഴാമന് ജന്മദിന സമ്മാനമായി അയച്ചുകൊടുക്കുകയായിരുന്നു. ഒൻപതു വലിയ രത്നങ്ങളും നൂറോളം ചെറുരത്നങ്ങളുമായി മുറിച്ച കള്ളിനാന്റെ മിക്ക ഭാഗങ്ങളും ഇപ്പോൾ ബ്രിട്ടന്റെ അഭിമാനമായി തിളങ്ങുന്നു. ബ്രിട്ടിഷ് രാജ്ഞിയുടെ ചെങ്കോലിലും കിരീടത്തിലും കള്ളിനാന്റെ ഓരോ വജ്രഭാഗം വീതമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :