കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു; പ്രമേയം അംഗീകരിച്ചാല്‍ ചരിത്രം

ശ്രീനു എസ്| Last Modified ചൊവ്വ, 12 ജനുവരി 2021 (11:29 IST)
അമേരിക്കയില്‍ കഴിഞ്ഞാഴ്ചയുണ്ടായ കാപ്പിറ്റോള്‍ കലാപത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. സഭ നാളെ ഇക്കാര്യം പരിഗണിക്കും. പ്രമേയം അംഗീകരിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റാകും ട്രംപ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുന്ന സമ്മേളനത്തിനിടെയാണ് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്ന് കലാപം സൃഷ്ടിച്ചത്. 50ലേറെ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും നാലു ട്രംപ് അനുകൂലികള്‍ മരണപ്പെടുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടു. ട്രംപിന്റെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയാണെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചു.

25-ാം ഭേദഗതി നടപ്പാക്കുന്നതിലൂടെ ട്രംപിന്റെ അധികാരങ്ങള്‍ പിടിച്ചെടുക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിച്ചത്. 24മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനാണ് അംഗങ്ങള്‍ക്ക് സ്പീക്കര്‍ നാന്‍സി പെലോസി നിര്‍ദേശം നല്‍കിയത്.

ട്രംപ് വലിയ ഭീഷണിയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ഭാവിയില്‍ മുന്‍പ്രസിഡെന്റെന്ന നിലയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരും. ഇതു രണ്ടാമത്തെ തവണയാണ് ട്രംപിനെതിരെ ഇംപീച്ച് നടപടി ഉണ്ടാകുന്നത്. കുറച്ചു ദിവസങ്ങള്‍ കൂടിമാത്രമേ പ്രസിഡന്റ് പദവി ഉള്ളുവെങ്കിലും എത്രയും വേഗം ഇംപീച്ച് നടപടി പൂര്‍ത്തിയാക്കാനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :