വീണ്ടും മാനവ വിജയ ഗാഥ; മനുഷ്യ നിര്‍മ്മിത പേടകം ആദ്യമായി വാല്‍നക്ഷത്രത്തില്‍

ബെര്‍ലിന്‍| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (09:11 IST)
മനുഷ്യന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് മനുഷ്യ നിര്‍മ്മിതമായ പേടകം വാല്‍നക്ഷത്രത്തില്‍ ഇറങ്ങി. വാല്‍നക്ഷത്രം ചുര്യമോവ്ഗരാസിമെങ്കൊയിലാണ് (67.പി) യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റോസറ്റ മാതൃപേടകത്തില്‍നിന്ന് വേര്‍പെട്ട് ഫിലേ ലാന്‍ഡര്‍ പേടകം ഇറങ്ങിയത്. ഇന്ത്യന്‍സമയം പകല്‍ രണ്ടരയോടെയാണ് പേടകം വാല്‍ നക്ഷത്രത്തില്‍ ഇറങ്ങിയത്.

മാതൃ പേടകമായ റോസറ്റയില്‍ നിന്ന് 22.5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഏതാണ്ട് ഏഴുമണിക്കൂര്‍ നീണ്ട ലാന്‍ഡിംഗ് ദൌത്യത്തിലൂടെ പേടകം വിജയകരമായി വാല്‍നക്ഷത്രത്തില്‍ ഇടിച്ചിറങ്ങിയത്. അലക്കുയന്ത്രത്തിന്റെ വലിപ്പമുള്ള ഫിലേക്ക് നൂറുകിലോ ഭാരമുണ്ട്. വാല്‍നക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശപേടകമാണ് ഫിലേ.
സൗരയൂഥത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഈ ചരിത്രദൗത്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

പരീക്ഷണങ്ങള്‍ നടത്താന്‍ പത്തോളം ഉപകരണങ്ങളാണ് ഫിലേയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പേടകത്തില്‍ സജ്ജീകരിച്ച മൈക്രോ ക്യാമറകള്‍ ഉപയോഗിച്ച് പേടകത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ വിശദമായി പകര്‍ത്തിയെടുക്കും.ഇതോടെ ആദ്യമായി ഒരു വാല്‍നക്ഷത്രത്തിന്റെ ഉപരിതല ദൃശ്യങ്ങള്‍ മാനവ ലോകത്തിന് ലഭ്യമാകും. മാതൃപേടകവും ഫിലേയും വാല്‍നക്ഷത്രത്തിന്റെ ഇരുവശങ്ങളിലുമായിരിക്കുന്ന സമയത്ത് ഫിലേയില്‍നിന്ന് റോസറ്റയിലേക്കയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ആന്തരികഘടന മനസ്സിലാക്കാന്‍ സഹായിക്കും.

2004 മാര്‍ച്ച് രണ്ടിനാണ് റോസറ്റ പേടകം ഫ്രഞ്ച് ഗയാനയിലെ കുറൂ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് വാല്‍നക്ഷത്രത്തെത്തേടി യാത്രതിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ താണ്ടി ഒരു പതിറ്റാണ്ട് പിന്നിട്ട യാത്രയ്‌ക്കൊടുവിലാണ് റോസറ്റ പേടകം അതിന്റെ ലാന്‍ഡറിനെ ബുധനാഴ്ച വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്ന് പേരിട്ട സ്ഥലത്തിറക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :