അഗ്‌നിപര്‍വ്വത ഭീഷണി: ഛോട്ടാ രാജനെ എത്തിക്കുന്നത് വൈകും

ഛോട്ടാ രാജന്‍ , ഇന്തോനേഷ്യ , ബാലി , ദാവൂദ് ഇബ്രാഹിം, മുംബൈ
ബാലി| jibin| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (09:09 IST)
ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക രാജാവ് ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. ബാലിയിലെ അഗ്‌നിപര്‍വ്വതം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ബാലി വിമാനത്താവളം അടച്ചതാണ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നത് വൈകുന്നത്.

ഞായറാഴ്ച ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം ഇന്ന് ഡല്‍ഹിയിലേക്ക് രാജനെ ആദ്യം എത്തിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് സംഘമാണ് രാജനെ കൊണ്ടുവരാന്‍ ഇന്തൊനീഷ്യയിലേക്കു പോയിരുന്നത്. എന്നാല്‍, കുറച്ചു ദിവസമായി അഗ്‌നിപര്‍വ്വതം സജീവമായി തുടരുന്നതാണ് പുതിയ സാഹചര്യത്തിന് കാരണമായത്.

ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയുള്ളതിനാൽ ഛോട്ടാ രാജനെ അതീവ രഹസ്യമായിട്ടായിരിക്കും ഇന്ത്യയിലെത്തിക്കുക. ഡല്‍ഹിയിലെത്തിച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. രാജനെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ സുരക്ഷ വർധിപ്പിച്ചു. രാജനെതിരെയുള്ള മിക്ക കേസുകളും മുംബൈയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, രാജനെ മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70തോളം കേസുകളാണ് രാജനെതിരെ മുംബൈ പൊലീസിലുള്ളത്. രാജനെതിരെ ഇന്ത്യയില്‍ നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍, അവയുടെ ഇംഗ്ലീഷിലേക്കും ഇന്തോനേഷ്യന്‍ ഭാഷയായ ബഹസയിലേക്കും പരിഭാഷപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ബാലി പൊലീസിന് കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :