റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (12:43 IST)
ചൈനയിലെ വുഹാനിൽ പടർന്ന കൊറോണ വൈറസ് ബാധയെക്കുറിച്ച് വാര്‍ത്ത പുറത്തു വിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചവരായിരുന്നു ചെന്‍ ക്വിഷി ഫാങ് ബിന്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍. ഇതില്‍ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി.
മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ പുറത്തെത്തിച്ചിരുന്നത്. പല വിഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.