ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (18:16 IST)
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ പാക് പതാകയെ അപമാനിച്ച് ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികള്‍. അതേസമയം, ഇന്ത്യന്‍ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും വഹിച്ചു കൊണ്ടായിരുന്നു ബലൂചിസ്ഥാന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധപ്രകടനം.
പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിലകൊള്ളുന്നവരാണ് ബലൂചിസ്ഥാന്‍. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തെ അനുകൂലിച്ച് ബലൂച് സ്വാതന്ത്ര്യസമര നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബലൂചിസ്ഥാന്‍, ഗില്‍ഗിത്, പാക് അധീന കാശ്‌മീര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ തന്നെയും ഭാരതത്തിലെ ജനങ്ങളെയും വിശ്വസിക്കുന്നുവെന്നായിരുന്നു മോഡി സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പറഞ്ഞത്. പാകിസ്ഥാനില്‍ ഇത് വന്‍ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് ബലൂച് പ്രക്ഷോഭകാരികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം കൈയിലേന്തിയിരിക്കുന്നത്. ബലൂചിസ്ഥാനില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പ്രക്ഷോഭകാരികള്‍ ഇന്ത്യന്‍
പതാക കൈയിലേന്തിയത്. ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യസമര നേതാവായിരുന്ന അക്‌ബര്‍ ബുക്തിയുടെയും ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ കൈയിലേന്തിയിരുന്നു.