മെഡൽ തിളക്കത്തിൽ സിന്ധു, ഒപ്പം കോടിപതിയും; കോടികൾ നൽകുന്നതിനും മത്സരം, കൂട്ടത്തിൽ സച്ചിനും!

മെഡല്‍ത്തിളക്കത്തിന് പിന്നാലെ സിന്ധുവിന് കോടികളുടെ കിലുക്കം

aparna shaji| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2016 (17:51 IST)
ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പി വി സിന്ധു. വെള്ളി നേട്ടത്തിലൂടെ സിന്ധു സ്വന്തമാക്കിയിരിക്കുന്നത് കോടികളാണ്. കോടിപതിയാകാൻ നിമിഷങ്ങൾ മാത്രം മതിയെന്ന് പഠിപ്പിച്ചിരിക്കുകയാണ് സിന്ധു, പക്ഷേ ആ നിമിഷത്തിലേക്ക് എത്തിച്ചേരാൻ ഒരുപാട് കഠിന പ്രയത്നവും അർപ്പണ മനോഭാവവും വേണമെന്ന് നമ്മൾ തിരിച്ചറിയുകയാണ്. ഇന്ത്യയുടെ അഭിമാനം കാത്ത സിന്ധുവിന് രാജ്യവും തിരികെ നൽകുകയാണ് ചില സമ്മാനങ്ങൾ. പക്ഷേ ഇടയിൽ ഒരു മത്സര ബുദ്ധിയും ഉണ്ട്. കോടിക്കണക്കിന് രൂപയാണ് സിന്ധുവിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സിന്ധുവിനെ കോടിപതിയാക്കാൻ ആന്ധ്രയും തെലങ്കാനയും മത്സരമാണ്. തെലങ്കാന സർക്കാർ സിന്ധുവിന് ഒരു കോടി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് സർക്കാർ അത് മൂന്ന് കോടിയാക്കിയപ്പോൾ ഒരു കോടിയെന്നത് ഒറ്റയടിക്ക് അഞ്ച് കോടിയാക്കി ഉയർത്തുകയായിരുന്നു തെലങ്കാന സർക്കാർ. ഏതായാലും അതിൽ കൂടുതൽ നൽകാൻ ആകാത്തത് കൊണ്ടോ എന്തോ ആന്ധ്രാ സർക്കാർ പിന്നെ തുക ഉയർത്താൻ നിന്നില്ല. 8 കോടി രൂപയാണ് ആന്ധ്രയും തെലങ്കാനയും ചേർന്ന് സിന്ധുവിന് നൽകുന്നത്. തീർന്നില്ല, ഇനിയുമുണ്ട് കണക്കുകൾ.

ഡൽഹി സർക്കാരിന്റെ രണ്ട് കോടി, കേന്ദ്ര റയിൽവെ മന്ത്രാലയം 50 ലക്ഷം, ബോളിവുഡ് താരം സൽമാൻ ഖാൻ 25 ലക്ഷം, ഭാരത് പെട്രോളിയം 75 ലക്ഷം, ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ 50 ലക്ഷം, മധ്യപ്രദേശ് - ഹരിയാന സർക്കരുകൾ 50 ലക്ഷം, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 30 ലക്ഷം, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ 5 ലക്ഷം, ഇന്ത്യൻ വ്യവസായി മുക്കാട്ട് സെബാസ്റ്റ്യൻ അഞ്ച് മില്യൺ യു എസ് ഡോളർ എന്നിങ്ങനെയാണ് സിന്ധുവിന് ലഭിച്ചിരിക്കുന്ന ക്യാഷ് പ്രൈസുകൾ. ഇനിയും പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത.

അതോടൊപ്പം, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വക ബി എം ഡബ്ല്യു, മഹീന്ദ്ര കമ്പനിയുടെ വക എസ് യു വി, സർക്കാർ ജോലി, തെലങ്കാന - ആന്ധ്രാ സര്‍ക്കാരുകളുടെ 2,000 സ്‌ക്വയര്‍ യാര്‍ഡ് സൗജന്യ ഭൂമി എന്നിവയും സിന്ധുവിന് ലഭിക്കും. മിന്നുംതാരം ഇപ്പോൾ പൊന്നുംതാരമായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :