അമേരിക്ക ലോക തീറ്റക്കാര്‍!

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (14:32 IST)
ഒരു നേരം കഴിക്കുന്നവന്‍ യോഗി, രണ്ടുനേരം കഴിക്കുന്നവന്‍ ഭോഗി, മൂന്ന് നേരം കഴിക്കുന്നവന്‍ രോഗി, നാലു നേരം കഴിക്കുന്നവന്‍ ദ്രോഹി എന്നിങ്ങനെയാണല്ലൊ നമ്മുടെ പൂര്‍വ്വികര്‍ ഭക്ഷണം കഴിക്കുന്നവരേക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലോകത്തുള്ള ഭൂരിഭാഗം ആളുകളും ദ്രോഹികളാകും എന്ന് സംശയമില്ലാതെ പറയാം. എന്നാല്‍ ഈ ദ്രോഹികളില്‍ ഏറ്റവും വലിയ ദ്രോഹിയാരാണെന്ന് ചോദിച്ചാല്‍ എന്തു പറയും.

കണ്ണും പൂട്ടി ധൈര്യമായി പറഞ്ഞോളു അത് നമ്മളാരുമല്ല. പിന്നെയാര്? ആ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു അത് അമേരിക്കക്കാരാണ്! സത്യം, ഇവര്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം അഥവാ എത്രയാണെന്നറിയാമോ, 3770 കലോറി വരും. ഒരു പുരുഷന്‍ ശരാശരി 2400 കലോറിയും സ്ത്രീ 2000 കലൊറിയും ഭക്ഷണം കഴിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതു വച്ചു നോക്കിയാല്‍ അമേരിക്കക്കാരേ എന്തു വിളിക്കണം തീറ്ററപ്പായിമാരെന്നോ?

അമേരിക്കക്കാരിലെ മുന്നിലൊരാള്‍ക്ക് പൊണ്ണത്തടിക്ക് കാരണമന്വേഷിച്ച ഇവോക്ക് ഹെല്‍ത്ത് എന്ന വെബ് സൈറ്റാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ തീറ്റക്കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് കൂട്ടിന് ആസ്ട്രിയയും ഇറ്റലിയുമുണ്ട്. ഇവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ് തീറ്റക്കാര്യത്തില്‍. ആസ്ട്രിയ 3760 കലോറിയുള്ള ഭക്ഷണം അകത്താക്കുമ്പോള്‍ ഇറ്റലിക്കാര്‍ 3660 കലോറിയുമായി മത്സരിക്കുന്നു.

ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്നതുപോലെ ഏത് നാണംകെട്ട കാര്യത്തിലും ഇന്ത്യക്കാരും ഉണ്ടാകുമല്ലൊ. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ആ പതിവ് തെറ്റിച്ചിരുഇക്കുന്നു. പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യക്കാരുടെ സ്ഥാനം. ഇന്ത്യക്കാര്‍ 2300 കലോറിയാണ് ദിവസവും അകത്താക്കുന്നത്.
എന്നാല്‍ ആവശ്യമായതിലും വളരെ താഴെ കലോറികുറഞ്ഞ ഭക്ഷണം കഴിക്കുന്നത് റിപ്പബ്ലിക് ഓഫ് കോംഗോയാണ്. ഇവര്‍ ദിവസവും ( വല്ലപ്പോഴും) കഴിക്കുന്ന ഭക്ഷണത്തില്‍ കൂടിപ്പോയാല്‍ 1590 കലോറി കണ്ടെങ്കിലായി എന്ന അവസ്ഥയിലാണ്.

കൂടാതെ ഓരോ ഭക്ഷണവും കഴിക്കുമ്പോള്‍ ലഭിക്കുന്ന കലോറിയും ഓരോ പ്രവൃത്തിയിലൂടെ കത്തിത്തീരുന്ന കലോറിയും ഇതില്‍ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് 496 മില്ലി ലിറ്റര്‍ കൊക്കൊക്കോള കുടിച്ചാല്‍ 200 കലോറി ഊര്‍ജ്ജമാണ് ലഭിക്കുക. എന്നാല്‍ ഈ ഊര്‍ജ്ജം കത്തിച്ചു കളയനമെന്നുണ്ടെങ്കില്‍ രണ്ടര മിനിട്ട് സ്റ്റെയര്‍കേസ് കയറി ഇറങ്ങേണ്ടി വരും. ബാഡ്മിന്റണ്‍ കളിച്ചാല്‍ 40 മിനുട്ടും ഡാന്‍സ് കളിച്ചാല്‍ 30മിനുട്ടും വേണ്ടിവരും എന്ന് സൈറ്റിലെ പഠനത്തില്‍ പറയുന്നത്. മാത്രമല്ല വെറുതെ ചുംബിച്ചാല്‍ പോലും ഒരുമിനുട്ടില്‍ രണ്ട് കലോറി കത്തിത്തീരുന്നതായി പഠനം പറയുന്നുണ്ട്.

വീട്ടില്‍ ഭക്ഷണം വച്ച് കഴിക്കുന്നവര്‍ കലോറി കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതെന്നും പഠനത്തിലുണ്ട്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമേ ആയുസുണ്ടാകു എന്നും പഠനത്തിലുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :