പ്രായം പതിനൊന്ന്, ബിരുദങ്ങള്‍ മൂന്ന്, അമേരിക്കന്‍ ബാലന്‍ കൌതുകമാകുന്നു

ലോസ്‌ ഏഞ്ചല്‍സ്‌| VISHNU N L| Last Modified ശനി, 23 മെയ് 2015 (15:07 IST)
11 വയസിനിറ്റെ മൂന്ന് വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം നേടിയ അമേരിക്കാന്‍ ബാലന്‍ വാര്‍ത്തയാകുന്നു. തനിഷ്‌ക്ക് അബ്രഹാം എന്ന ബാലനാണ് കളിച്ചുനടക്കേണ്ട പ്രായത്തില്‍ തന്നേക്കാള്‍ മുതിര്‍ന്നവരെ വരെ ഞെട്ടിച്ച് അമേരിക്കന്‍ കോളേജുകളില്‍ നിന്നും മൂന്ന്‌ വിഷയങ്ങളില്‍ ബിരുദം നേടിയത്. അമേരിക്കന്‍ റിവര്‍ കോളേജില്‍ നിന്നും ഗണിതം, ശാസ്‌ത്രം, വിദേശഭാഷ എന്നീ വിഷയങ്ങളിലാണ്‌
അബ്രഹാം ബിരുദങ്ങള്‍ നേടിയത്.

ഇതോടെ ഗ്രാജുവേഷന്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിയായി അമേരിക്കന്‍ റിവര്‍ കോളേജില്‍ ചരിത്രം തിരുത്താന്‍ ഈ കുട്ടിക്കായി. കഴിഞ്ഞ വര്‍ഷം ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയും അബ്രഹാമിനായിരുന്നു. ഏഴാം വയസ്സില്‍ സ്‌റ്റേറ്റ്‌ എക്‌സാം പാസായ അബ്രഹാം ഹൈസ്‌കൂള്‍ ഡിപ്‌ളോമ നേടിയതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ബരക് ഒബാമയുടെ അഭിനന്ദനം നേടിയിരുന്നു.

നാലുവയസ്സുള്ളപ്പോള്‍ തന്നെ ഉന്നത ഐ ക്യൂ പുലര്‍ത്തുന്നവരുടെ പട്ടികയില്‍ കയറിയ അബ്രഹാമിന് പഠിച്ച്‌ പഠിച്ച്‌ ഡോക്‌ടറാകണമെന്നാണ് ആഗ്രഹം. പിന്നെ വൈദ്യശാസ്‌ത്രത്തില്‍ ഗവേഷണം ചെയ്യണമെന്നും ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാകണമെന്നുമാണ്‌ പയ്യന്റെ ജീവിതാഭിലാഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :