159 കോടിക്ക് ലാദന്റെ രഹസ്യത്താവളം ഒറ്റിക്കൊടുത്തത് പാക് ബ്രിഗേഡിയർ

ഉസാമ ബിൻ ലാദന്‍ , പാക് ബ്രിഗേഡിയർ , അമീർ മിർ , സിഐഎ , അമേരിക്ക
ലണ്ടൻ| jibin| Last Modified വ്യാഴം, 21 മെയ് 2015 (10:05 IST)
കൊടും ഭീകരന്‍ ഉസാമ ബിൻ ലാദന്റെ രഹസ്യത്താവളം അമേരിക്കന്‍ ചാരസംഘടനയായ സിഎഐയ്‌ക്ക് ഒറ്റിക്കൊടുത്തത് ബ്രിട്ടനിലേക്കു കുടിയേറിയ മുതിർന്ന പാക് സൈനിക ഓഫിസറാണെന്ന് റിപ്പോര്‍ട്ട്. പാക് ചാരസംഘടനയിലെ റിട്ട ഓഫിസറായ ബ്രിഗേഡിയർ ഉസ്മാൻ ഖാലിദ് 250 ലക്ഷം ഡോളറിന് (ഏകദേശം 159 കോടി രൂപ) ഉസാമയുടെ രഹസ്യത്താവളവിവരം സിഐഎയ്ക്കു കൈമാറിയെന്നാണ് പ്രമുഖ പാക്ക് പത്രപ്രവർത്തകൻ വെളിപ്പെടുത്തിയത്.

പാക് ജയിലില്‍ തടവില്‍ കഴിയുന്ന ഡോ അഫ്രീദിയെ നിർബന്ധിച്ച് ബിലാൽ മേഖലയിലെ അബോട്ടബാദിൽ ഒരു വ്യാജ പോളിയോ കുത്തിവയ്പ് പ്രചാരണം നടത്തുകയും അതുവഴി ഉസാമയുടെ സ്ഥലം കണ്ടെത്താനുള്ള തന്ത്രം രൂപീകരിച്ചതും ഉസ്മാൻ ഖാലിദ് ആണെന്നും അമീർ മിർ വെളിപ്പെടുത്തുന്നു. അതേസമയം വാര്‍ത്തയോട് കൂടുതല്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, പാക്ക് സർക്കാരിന്റെയോ ഏജൻസികളുടെയോ സഹായമില്ലാതെ സ്വന്തം നിലയിലാണ് ഉസാമയുടെ ഒളിത്താവളം കണ്ടെത്തി കൊല നടത്തിയതെന്നാണ് യുഎസ് നിലപാട്.

ബ്രിഗേഡിയർ ഖാലിദ് 25 വർഷം പാക്ക് സൈന്യത്തിലുണ്ടായിരുന്നു. 1979ൽ ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയ ഇയാൾ പുതിയൊരു പേരിൽ തനിക്കും കുടുംബത്തിനും യുഎസ് പൗരത്വവും നേടിയെടുത്തതായി പറയുന്നു. അർബുദബാധിതനായി 79–ാം വയസ്സിൽ കഴിഞ്ഞവർഷമാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :