വര്‍ഗ്ഗീയ കലാപം; നൈജീരിയയില്‍ 326 മരണം

കാനോ| WEBDUNIA| Last Modified ചൊവ്വ, 26 ജനുവരി 2010 (17:03 IST)
നൈജീരിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മുസ്ലീം-ക്രിസ്ത്യന്‍ വര്‍ഗ്ഗീയ കലാപത്തില്‍ 326 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്. എന്നാല്‍, കലാപത്തില്‍ 550 പേര്‍ കൊല്ലപ്പെട്ടതായാണ് മെഡിക്കല്‍, സന്നദ്ധ സംഘടനകളുടെ റിപ്പോര്‍ട്ട്. ജോസ് പ്രവിശ്യയില്‍ ജനുവരി 17നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കലാപം വ്യാപിക്കുകയായിരുന്നു. മതത്തിന്‍റെ പേരിലായിരുന്നില്ല കലാപം തുടങ്ങിയതെന്നും പിന്നീട് മതത്തിന്‍റെ പേരിലാകുകയായിരുന്നുവെന്നും പൊലീസ് വക്താവ് മൊഹമ്മദ് ലിറേമ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് 313 പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

മതങ്ങള്‍ തമ്മിലുള്ള വംശീയ വ്യത്യാസം നേരിടുന്നതില്‍ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടതാണ് കലാപം വ്യാപിക്കാന്‍ കാരണമായതെന്ന് മത നേതാക്കള്‍ ആരോപിച്ചു. ഇരു വിഭാഗങ്ങള്‍ക്കും ഏകദേശം ഒരുപോലെ സ്വാധീനമുള്ള രാജ്യമാണ് നൈജീരിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :