കല്യാണിന്‍റെ ഖേദം വേണ്ടെന്ന് മുസ്ലീങ്ങള്‍

മുംബൈ| PRATHAPA CHANDRAN|
മുംബൈ: ബാബറി മസ്ദിജ്‌ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ഉത്തര്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ഖേദം പ്രകടിപ്പിച്ചത് മുസ്ലീം നേതാക്കളും പുരോഹിതരും തള്ളിക്കളഞ്ഞു. പളളി തകര്‍ത്ത സംഭവത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മുസ്ലീങ്ങള്‍ തന്നോട് ക്ഷമിക്കണമെന്നും കല്യാണ്‍ സിംഗ് ഇപ്പോള്‍ പറയുന്നത് ‘രാഷ്ട്രീയ അവസരവാദം’ ആണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

‘കല്യാണ്‍ സിംഗിന് മാപ്പുകൊടുക്കാന്‍ മുസ്ലീങ്ങള്‍ ആരാണ്? ബാബറി പള്ളി മുസ്ലീങ്ങളുടേതല്ല, അള്ളാഹുവിന്റേതാണ്. ചെയ്ത കുറ്റത്തിന് കല്യാണ്‍ സിംഗ് മാപ്പപേക്ഷിക്കേണ്ടത് അള്ളാഹുവിനോടാണ്, ഞങ്ങളോടല്ല’ ജമായിത്തുള്‍ ഉലീമാ-ഇ-ഹിന്ദിന്റെ നേതാവ്‌ മൌലാനാ ഹമീദ് നൊവാമനി പറയുന്നു.

ഇന്ത്യന്‍ മുസ്ലീങ്ങളെ പറ്റി അബദ്ധ ധാരണയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വച്ചുപുലര്‍ത്തുന്നത്. അവസരവാദപരമായ എന്തെങ്കിലും പ്രസ്താവന കേട്ടയുടന്‍ അഭിപ്രായം മാറ്റുന്ന കൊച്ചുകുട്ടികളാണ് മുസ്ലീങ്ങളെന്നാണ് ഇവര്‍ കരുതുന്നത്. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള ആളുകളായി മുസ്ലീങ്ങളെ കാണാന്‍ ഇനിയെങ്കിലും പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും മുസ്ലീം നേതാക്കള്‍ പറയുന്നു.

ബിജെപിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടിയിലേക്ക് കാലുമാറിയപ്പോള്‍ കല്യാണ്‍ സിംഗിന്റെ നിറവും മാറിയെന്ന് മുസ്ലീങ്ങള്‍ പറയുന്നു. ബാബറി മസ്ജിദ് ‘അടിമത്തത്തിന്‍റെ സ്മാരക’മാണെന്നായിരുന്നു കല്യാണ്‍ സിംഗ് പരാമര്‍ശിച്ചിരുന്നത്. കല്യാണ്‍ സിംഗിന്‍റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :