ക്രിസ്തുമസിന് മുന്നോടിയായി ബാര്‍ബി ഡോള്‍ കച്ചവടം പൊടിപൊടിക്കുന്ന അവസരത്തില്‍, എഫ്ബിഐ ബാര്‍ബിക്കെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തി. ലോക പ്രശസ്തയായ ഈ പാവക്കുട്ടി ഒരു പക്ഷേ, ബാലരതിക്കാര്‍ക്കുള്ള വീഡിയോ റിക്കോര്‍ഡ് ചെയ്തേക്കാമെന്നാണ് എഫ്ബിഐ നല്‍കുന്ന മുന്നറിയിപ്പ്.
യുഎസില്‍ 50 ഡോളറിനു വിറ്റഴിക്കുന്ന ഈ പാവക്കുട്ടികള്‍ ഒരു വീഡിയോ ക്യാമറയായും പ്രവര്‍ത്തിച്ചേക്കാം എന്നാണ് “ബാര്‍ബി വീഡിയോ ഗേള്‍” എന്ന ശീര്‍ഷത്തില്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ എഫ്ബിഐ നല്‍കുന്ന മുന്നറിയിപ്പ്. ബാര്‍ബിയുടെ നെഞ്ചില്‍ ക്യാമറയും പിന്നില്‍ ഒരു ചെറിയ എല്‍സിഡി ക്യാമറയും വച്ചാല്‍ ബാര്‍ബി ബാലരതി വീഡിയോ നിര്‍മ്മിക്കുന്നതിനുള്ള വീഡിയോ സഹായം ചെയ്തു കൊടുത്തേക്കാം എന്നാണ് മുന്നറിയിപ്പ്.
ബാര്‍ബിയെ കുറിച്ച് ഇത്തരത്തില്‍ ഇതുവരെയായും പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല എങ്കിലും കുട്ടികളുടെ നീല ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന ഒരാള്‍ ഒരു ആറു വയസ്സുകാരിക്ക് ബാര്‍ബി ഡോള്‍ നല്‍കി എന്ന അറിവാണ് എഫ്ബിഐയെ കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.
ഇത്തരത്തില്‍ പകര്‍ത്തുന്ന വീഡിയോകള്‍ കമ്പ്യൂട്ടറുകളിലേക്ക് ഡൌന്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കിലും അവ നേരിട്ട് ഇന്റര്‍നെറ്റില്‍ സ്ട്രീം ചെയ്യാന്‍ കഴിയുമോ എന്ന് വ്യക്തമല്ല എന്നും എഫ്ബിഅ പറയുന്നു. എന്തായാലും പാവം ബാര്‍ബി ഇപ്പോള്‍ സംശയ നിഴലിലാണ്!