കുറ്റക്കാരിയല്ലെന്ന് ‘ജിഹാദ് ജെയ്മി’

ഫിലാഡെല്‍‌ഫിയ| WEBDUNIA| Last Modified വ്യാഴം, 8 ഏപ്രില്‍ 2010 (16:36 IST)
PRO
തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത ജിഹാദ് ജെയ്മി എന്ന ജെയ്മി പോളിന്‍ റമിരെസ് താന്‍ കുറ്റക്കാരിയല്ലെന്ന് കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച ഫിലാഡെല്‍‌ഫിയ കോടതിയിലാണ് താന്‍ കുറ്റക്കാരിയല്ലെന്ന് ജെയ്മി അറിയിച്ചത്.

തീവ്രവാദികള്‍ക്ക് സഹായം ചെയ്തു നല്‍കിയെന്നും തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ഇവരെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ സെപ്തംബറില്‍ യൂറോപ്പിലേക്ക് യാത്ര ചെയ്തതായും തീവ്രവാദ പരിശീ‍ലനത്തില്‍ പങ്കെടുത്തതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

12 ആഴ്ച ഗര്‍ഭിണിയായ ഇവര്‍ വിചാരണ വരെ കസ്റ്റഡിയില്‍ തുടരുമെന്ന് ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നേരത്തെ പൊലീസ് ഇവരുടെ കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കും മറ്റും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച അയര്‍ലന്‍ഡില്‍ നിന്നുള്ള യാത്രയിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന കുറ്റത്തിന് അമേരിക്കയില്‍ പതിനഞ്ച് വര്‍ഷം തടവും 2,50,000 യു‌എസ് ഡോളര്‍ പിഴയും വരെ ശിക്ഷ ലഭിക്കാവുന്നതാണ്. പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കാന്‍ ശ്രമിച്ച കേസിന്‍റെ അന്വേഷണത്തിലാണ് ഇവര്‍ എഫ്ബിഐയുടെ പട്ടികയില്‍ പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :