ഇന്‍റര്‍നെറ്റ് വിവാദം: യു‌എസിനെതിരെ ചൈന

ബീജിംഗ്| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (17:15 IST)
PRO
ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യം സംബന്ധിച്ച വിവാദത്തില്‍ ചൈനയും അമേരിക്കയും പരസ്യമായി ഇടയുന്നു. ഇന്‍റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത യു‌എസിന് ശക്തമായ മറുപടിയുമായി ചൈനയും രംഗത്തെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്യമായ വാഗ്വാദത്തില്‍ വിവാദം എത്തിയത്.

വിദേശകാര്യ മന്ത്രാലയ വക്താവ് മാ ഷവോക്സു ആണ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. ഇന്‍റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ചൈനീസ് നടപടിയെ യു‌എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഹിലരിയുടെ വിമര്‍ശനം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് മാ ഷവോക്സു പറഞ്ഞു.

ഇന്‍റര്‍നെറ്റിന്‍‌മേലുള്ള ചൈനയുടെ നയത്തെയാണ് അമേരിക്ക വിമര്‍ശിച്ചിരിക്കുന്നത്. വസ്തുതകളെ മനസിലാക്കണമെന്നും ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഷവോക്സു ആവശ്യപ്പെട്ടു. വിവാദങ്ങള്‍ ചൈനയും അമേരിക്കയും തമ്മിലുള്ള സഹകരണത്തെ ബാധിക്കുന്നതില്‍ താല്‍‌പര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളില്‍ മടുത്ത് ചൈനയിലെ സേവനം നിര്‍ത്തുമെന്ന് യു‌എസ് ആസ്ഥാനമായുള്ള ഗൂഗിള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗൂഗിളിന്‍റെ ജിമെയില്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന ചൈനയിലെ ചില മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇമെയിലുകളും ചാറ്റും പരിശോധിക്കാന്‍ ചൈനയിലെ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും കമ്പനിയെ പ്രകോപിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :