ലോഹന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മോചിതയാകും

WEBDUNIA| Last Modified ബുധന്‍, 21 ജൂലൈ 2010 (14:59 IST)
PRO
മദ്യപിച്ച് വാഹനമോടിച്ചതിന് 90 ദിവസത്തെ കാരാഗൃഹവാസം വിധിക്കപ്പെട്ട അമേരിക്കന്‍ നടി ലിന്‍ഡ്സെ ലോഹന്‍ (24) രണ്ടാഴ്ചയ്ക്കുള്ളില്‍ ജയില്‍ മോചിതയായേക്കുമെന്ന് സൂചന. ജയിലില്‍ നല്ലകുട്ടിയായി ഇരുന്നാല്‍ ലോഹന്‍റെ ശിക്ഷ 13 ദിവസമായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അവരുടെ വക്താവ് പറഞ്ഞു. ജയില്‍ ശിക്ഷ അനുഭവിക്കാനായി ലോഹന്‍ ഇന്നലെ ലോസ് ഏയ്ഞ്ചത്സ് കോടതിയില്‍ ഹാജരായിരുന്നു.

ലോഹനെ പോലുള്ള സെലിബ്രിറ്റികളെ താമസിപ്പിക്കുമ്പോഴുള്ള ജനത്തിരക്ക് ഒഴിവാക്കാനായാണ് അവരെ നേരത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഓഗസ്റ്റ് ഒന്നിനോ രണ്ടിനോ ലോഹന്‍റെ ജയില്‍വാസം അവസാനിക്കുമെന്നാണ് പ്രതീക്ഷ. മദ്യപിച്ച് വാഹനമോടിച്ച കേസുകളിലെ പ്രൊബേഷന്‍ കാലാവധി മദ്യപാനത്തിലൂടെ ലംഘിച്ചതിനായിരുന്നു ലോഹന് കോടതി 90 ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

90 ദിവസത്തെ ജയില്‍ ശിക്ഷ കൂടാതെ അത്രയും ദിവസം ലഹരിമുക്ത കേന്ദ്രത്തിലും കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജൂണില്‍ എം‌ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് ആല്‍ക്കഹോള്‍ ബ്രേസ്‌ലെറ്റ് ധരിച്ചിരുന്ന ലിന്‍ഡ്സെ ലോഹന്‍ മദ്യപിച്ചത് അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു. നടിയുടെ പ്രതിനിധികള്‍ 200,000 ഡോളറിന്റെ ജാമ്യത്തുകയുടെ ഒരു ഭാഗം കെട്ടിവച്ചതുകൊണ്ടാണ് അന്ന് അറസ്റ്റ് ഒഴിവായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :