മൂന്ന് നേരവും വയറുനിറച്ച് ചോറുണ്ണുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (16:14 IST)

മൂന്ന് നേരവും വയറുനിറച്ച് ചോറുണ്ണുന്ന ശീലമുള്ളവര്‍ അല്‍പ്പം നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അമിതമായി ചോറ് കഴിക്കുന്നത് തടി കൂടാന്‍ കാരണമാകും. എന്നാല്‍, ചോറ് പൂര്‍ണമായി ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനുകള്‍ ശരിയല്ല. അതുകൊണ്ട് ചോറ് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൊഴുപ്പ് വളരെ കുറഞ്ഞതും വേഗം ദഹിക്കുന്നതും ബി വൈറ്റമിനുകള്‍ ധാരാളം ഉള്ളതുമായ ഭക്ഷണമാണ് ചോറ്. അതിനാല്‍ ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് അത്ര നല്ല കാര്യമല്ല. ഒരു തവണ ഭക്ഷണം കഴിക്കുമ്പോള്‍ കുറച്ചു മാത്രം ചോറ് കഴിക്കുകയാണ് നല്ലത്. ഇത് കാലറി കൂടാതെ സഹായിക്കും. മാത്രമല്ല ചോറില്‍ അന്നജം കൂടുതല്‍ ആയതിനാല്‍ അന്നജം അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഈ നേരം ഒഴിവാക്കുക. ചോറ് കഴിക്കുന്നതിനു മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്. ചോറ് കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് പൂര്‍ണമായി ഒഴിവാക്കുകയും വേണം. ചോറിനൊപ്പം ധാരാളം പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ചോറ് മാത്രം കഴിച്ചാല്‍ അത് പെട്ടെന്ന് ദഹിക്കുകയും അധികം താമസിയാതെ വീണ്ടും വിശക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ചോറിനൊപ്പം പച്ചക്കറികള്‍ കൂടുതല്‍ കഴിക്കണമെന്ന് പറയുന്നത്. ബീന്‍സ്, കാപ്‌സിക്കം, ബ്രൊക്കോളി, പനീര്‍, ഇവയെല്ലാം ചോറിനൊപ്പം കഴിക്കാം. ദിവസത്തില്‍ ഒന്നോ രണ്ടോ നേരം മാത്രം ചേറുണ്ണുന്നതാണ് നല്ലത്. രാത്രി ചോറ് ഒഴിവാക്കുകയോ അല്ലെങ്കില്‍ കഴിക്കുന്ന അളവ് പരിമിതപ്പെടുത്തുകയോ ചെയ്യണം.

ചോറ് വയ്ക്കുമ്പോള്‍ കാലറി കുറഞ്ഞ പാചകരീതി ഉപയോഗിക്കണം. അരി എണ്ണയിലിട്ട് വറുക്കാനോ ക്രീമുകള്‍ ഒന്നും ചേര്‍ക്കാനോ പാടില്ല. വെളളമൊഴിച്ച് വേവിച്ച ശേഷം ബാക്കിയുള്ള വെള്ളം വാര്‍ത്തുകളയുക. ഇത് സ്റ്റാര്‍ച്ച് അധികമാകാതെ സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :