കാറ്റോളം നമ്മുടെ സൗഹൃദം

പ്രദീപ് ആനക്കൂട്

wedding
SASISASI
രോഹിതുമായുള്ള പ്രണയത്തില്‍ അവള്‍ തികഞ്ഞ വാചാലയായിരുന്നു. ഇടയ്ക്കൈപ്പൊഴോ രോഹിത് അകന്നുമാറുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കൂട്ടുകാരി ആദ്യമായി എന്‍റെ മുന്നില്‍ കരഞ്ഞു. മൗനം ഏറെ വാരിപ്പുണര്‍ന്നു പോയ എന്‍റെ മനസ്സ് സംഭ്രമത്തില്‍ വാക്കുകള്‍ മറന്നു. 'നീയെന്‍റെ കൈകളില്‍ ഒന്നുചേര്‍ത്ത് പിടിച്ചിരുന്നെങ്കില്‍, ഒന്ന് ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍' അവളുടെ വാക്കുകള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്.

എന്‍റെ കൂട്ടുകാരീ, നിനക്കെന്നോട് പിണങ്ങാനാവില്ലല്ലോ. രാഹുലിന്‍റെ ഓര്‍മ്മകളില്‍ നിന്ന് ജീവിതത്തിന്‍റെ പ്രായോഗികതകളിലേക്ക് അവളെ ഉണര്‍ത്താന്‍ ശ്രമിക്കുന്പോള്‍ 'ജീവിതത്തെക്കുറിച്ച് നിനക്ക് എന്തറിയാം' എന്ന് നുള്ളിനോവിക്കാന്‍ മറന്നിരുന്നില്ല.

പഠനത്തിന്‍റെ ഭാരമൊഴിച്ച് താലിയുടെ ബന്ധനത്തില്‍ നില്‍ക്കുന്പോള്‍ പഴയബന്ധങ്ങള്‍ മറച്ച് ജീവിക്കാന്‍ കഴിയുമോ എന്നൊരു സംശയം പാതിചിരിച്ച അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ബാല്യകാലത്തെന്നോ പുസ്തകത്താളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മയില്‍പീലിയാണ് അന്ന് ഞാനവള്‍ക്ക് പ്രിയ സമ്മാനമായി കൊടുത്തത്. "ഇത് പെറ്റു പെരുകും' എന്ന് ഓര്‍മ്മപ്പെടുത്താനും മറന്നില്ല. ഭര്‍ത്താവിനോടൊത്ത് അവല്‍ ബാംഗ്ളൂരിലേക്ക് വണ്ടികയറുന്പോള്‍ അകന്നുപോകുന്ന സൗഹൃദത്തില്‍ മനസ് വിതുന്പിനിന്നു. യാത്രയയ്ക്കാന്‍ പോയില്ല. അവള്‍ പരിഭവിച്ചിരിക്കാം.

ഇടയ്ക്കെപ്പോഴൊക്കയോ അവളുടെ കത്തുകള്‍ വന്നു. ജോലിത്തിരക്കിനിടയില്‍ പലപ്പോഴും മറുപടികള്‍ മറന്നു. കന്പ്യൂട്ടര്‍ സ് ക്രീനില്‍ അവളുടെ ഇ-മെയില്‍ സന്ദേശം പഴയ ചര്‍ച്ചകളും കുസൃതികളും ഓര്‍മ്മപ്പെടുത്തി. ശംഖുമുഖത്തെ തിരമാലകള്‍ പറഞ്ഞ കടങ്കഥകള്‍ ഞാന്‍ അവളെ അറിയിച്ചു. മറ്റേതോ ദേശത്തേയ്ക്ക് യാത്രയായതറിയിച്ച അവളുടെ അവസാന മെയില്‍ എന്‍റെ കന്പ്യൂട്ടര്‍ കീബോര്‍ഡില്‍ ചലനമറ്റു.

മുത്തശ്ശിയുടെ മരണവും വീടിന്‍റെ വിലാപങ്ങള്‍ക്കുമിടയില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട് മനസ്സ് പിടയുന്പോള്‍ കൂട്ടുകാരിയുടെ കൈവിരല്‍ത്തുന്പുകളില്‍ നിന്ന് പ്രവഹിക്കുന്ന സ്നേഹതരംഗങ്ങള്‍ ഏറ്റു വാങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി.

തിരമാലകളെ കണ്ണുകള്‍ എണ്ണിയെടുക്കുന്പോള്‍ അവളുടെ ദുപ്പട്ട കാറ്റത്ത് കണ്ണടകളില്‍ പറന്നുവീണത് ഓര്‍ക്കുന്നു. മറഞ്ഞുപോയ കണ്ണുകള്‍ക്കിടയില്‍ നിന്ന് അവള്‍ പറഞ്ഞു "എന്‍റെ കൂട്ടുകാരാ നമ്മുടെ കൂട്ടിന് ഈ കാറ്റോളം ആയുസ്സുണ്ടായിരുന്നെങ്കില്‍. സൂര്യന്‍ അസ്തമയത്തിന്‍റെ ആരംഭത്തിലായിരുന്നു അപ്പോള്‍.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :