അഭിറാം മനോഹർ|
Last Modified വെള്ളി, 5 മെയ് 2023 (12:52 IST)
ഇറ്റാലിയൻ സിരി എ കിരീടം ഉറപ്പിച്ച് നാപ്പോളി. ഉദിനീസിനെതിരായ മത്സരത്തിൽ 1-1ന് സമനില പിടിച്ചതോടെയാണ് സീസണിലെ കിരീടം നാപ്പോളി ഉറപ്പാക്കിയത്. അഞ്ച് മത്സരങ്ങൾ ലീഗിൽ ശേഷിക്കെയാണ് ഇറ്റാലിയൻ ടീം കിരീടം ഉറപ്പാക്കിയത്. നാപ്പോളിയുടെ ചരിത്രത്തിലെ മൂന്നാമത് സിരി എ കിരീടമാണിത്.
മറഡോണ ഇറ്റാലിയൻ ലീഗിൽ കളിച്ചിരുന്ന സുവർണ കാലഘട്ടത്തിലാണ് നാപ്പോളി ഇതിന് മുൻപ് 2 തവണ സിരി എ കിരീടം സ്വന്തമാക്കിയത്.
1986-87 സീസണിലും 1989-1990 സീസണിലുമായിരുന്നു ഇറ്റാലിയൻ ലീഗ് കിരീടം നാപ്പോളി സ്വന്തമാക്കിയത്. നീണ്ട 33 വർഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 25 വിജയവും 5 സമനിലയും 3 തോൽവിയുമായി നാപ്പോളിക്ക് 80 പോയിൻ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 64 പോയിൻ്റാണുള്ളത്. യുവൻ്റസ് മൂന്നാം സ്ഥാനത്തും ഇൻ്റർമിലാൻ ലീഗിൽ നാലാം സ്ഥാനത്തുമാണ്.