Lionel Messi: അത്യുന്നതങ്ങളില്‍ മെസി, അര്‍ജന്റൈന്‍ ഇതിഹാസത്തിനു എട്ടാം ബലന്‍ ദ് ഓര്‍ പുരസ്‌കാരം

ഫിഫ ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച മെസി കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (08:21 IST)

Lionel Messi: ലോക ഫുട്‌ബോളില്‍ തനിക്കൊപ്പം നില്‍ക്കാന്‍ മറ്റൊരു താരമില്ലെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് സാക്ഷാല്‍ ലയണല്‍ മെസി. കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ പ്രശസ്തമായ ബലന്‍ ദ് ഓര്‍ പുരസ്‌കാരം മെസി ഒരിക്കല്‍ കൂടി കരസ്ഥമാക്കി. ഇത് എട്ടാം തവണയാണ് മെസി ബലന്‍ ദ് ഓറില്‍ മുത്തമിടുന്നത്. അഞ്ച് തവണ ബലന്‍ ദ് ഓര്‍ കരസ്ഥമാക്കിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ ഇത്തവണത്തെ ബലന്‍ ദ് ഓര്‍ നേട്ടം.

ഫിഫ ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച മെസി കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയതും മെസിയാണ്. നിലവില്‍ യുഎസ് ക്ലബായ ഇന്റര്‍ മിയാമിയിലാണ് മെസി കളിക്കുന്നത്. നേരത്തെ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ആയിരുന്നു.

ബലന്‍ ദ് ഓര്‍ കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മെസി. 36 വയസാണ് മെസിയുടെ ഇപ്പോഴത്തെ പ്രായം. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ഇതിനു മുന്‍പ് ബലന്‍ ദ് ഓര്‍ പുരസ്‌കാരം നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :