രേണുക വേണു|
Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (08:49 IST)
Brazil vs Uruguay World Cup Qualifier Match: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ശക്തരായ ബ്രസീലിന് തോല്‍വി. ഉറുഗ്വായിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. സൂപ്പര്‍ താരമായ നെയ്മര്‍ അടക്കം കളത്തിലിറങ്ങിയിട്ടും ബ്രസീലിന് ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചില്ല. മാത്രമല്ല നെയ്മര്‍ മത്സരത്തിന്റെ 45-ാം മിനിറ്റില്‍ പരുക്കിനെ തുടര്‍ന്ന് കളം വിടുകയും ചെയ്തു.
ഉറുഗ്വായോട് ഏറ്റുമുട്ടിയപ്പോള്‍ കഴിഞ്ഞ അഞ്ച് തവണയും ബ്രസീല്‍ തോല്‍വി അറിഞ്ഞിട്ടില്ല. മാത്രമല്ല 2015 നു ശേഷമുള്ള സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളില്‍ ബ്രസീല്‍ വഴങ്ങുന്ന ആദ്യ തോല്‍വി കൂടിയാണ് ഇത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീല്‍ ആക്രമിച്ചു കളിച്ചെങ്കിലും ഉറുഗ്വായിയുടെ ഗോള്‍ പോസ്റ്റില്‍ ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 42-ാം മിനിറ്റില്‍ ഡാര്‍വിന്‍ നുനസിലൂടെയാണ് ഉറുഗ്വായ് ആദ്യ ഗോള്‍ നേടിയത്. നുനസിന്റെ ശരവേഗത്തിലുള്ള ഹെഡ്ഡര്‍ പ്രതിരോധിക്കാന്‍ ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണിന് സാധിച്ചില്ല. 45-ാം മിനിറ്റില്‍ ശക്തമായ മുട്ടുവേദനയെ തുടര്‍ന്ന് നെയ്മര്‍ കളം വിട്ടതോടെ ബ്രസീല്‍ കൂടുതല്‍ ദുര്‍ബലരായി.
77-ാം മിനിറ്റില്‍ ദേ ല ക്രൂസിലൂടെ ഉറുഗ്വായ് രണ്ടാം ഗോള്‍ സ്വന്തമാക്കി. ഈ ഗോളിലും നൂനസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അവസാന വിസില്‍ മുഴങ്ങും വരെ ഒരു ഗോളിന് വേണ്ടി ബ്രസീല്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഉറുഗ്വായ് പ്രതിരോധ നിരയെ ഭേദിക്കാന്‍ കാനറികള്‍ക്ക് സാധിച്ചില്ല.