അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (15:50 IST)
ഒരൊറ്റ മത്സരത്തിലെ പ്രകടനത്തിലൂടെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽചേക്കേറിയിരിക്കുകയാണ് അർജൻ്റൈൻ താരമായ അലക്സിസ് മക് അലിസ്റ്റർ. മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തിയ താരത്തിന് തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് പുരസ്കാരം നൽകികൊണ്ടാണ് ഇതിഹാസ താരമായ ലയണൽ മെസ്സി തൻ്റെ ആദരം പ്രകടിപ്പിച്ചത്.
രാജ്യാന്തര കരിയറിലെ ആദ്യ ഗോൾ ലോകകപ്പിൽ കണ്ടെത്തിയ അലിസ്റ്റർ നിരന്തരം പോളണ്ട് ഡിഫൻഡർമാരെ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. ഇംഗ്ലണ്ട് ടീം ബ്രൈറ്റണിൻ്റെ താരമായ മക് അലിസ്റ്റർ ഏറെ ശ്രദ്ധ നേടിയ യുവതാരമാണെങ്കിലും അർജൻ്റീനയുടെ സീനിയർ ടീമിയിൽ താരതമ്യേന പുതുമുഖമാണ്. ഫുട്ബോൾ താരമായിരുന്ന കാർലോസ് മക് അലിസ്റ്ററിൻ്റെ മകൻ കൂടിയാണ് അലക്സിസ് മക് അലിസ്റ്റർ.
അർജൻ്റീനയുടെ ജൂനിയർ താരമായും ബൊക്ക ജൂനിയേഴ്സ് താരമായും തിളങ്ങിയ കാർലോസ് മക് അലിസ്റ്റർ ഇതിഹാസതാരമായ മറഡോണയുടെ ഒപ്പം പന്തുതട്ടിയ കളിക്കാരനാണ്. മറ്റൊരു ഇതിഹാസമായ ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടുന്ന മക് അലിസ്റ്റർ ഒരിക്കൽ ലയണൽ മെസ്സിയെ ആദ്യമായി കണ്ടുമുട്ടിയ അനുഭവം ഒരു അഭിമുഖത്തിനിടെ തുറന്നുപറഞ്ഞിരുന്നു.
ദേശീയ ടീമിൻ്റെ ട്രെയ്നിങ് ക്യാമ്പിനിടെയാണ് ഞാൻ മെസ്സിയെ ആദ്യമായി കണ്ടത്. എൻ്റെ മുഖം പെട്ടെന്ന് ചുവന്നുതുടുത്തു. എനിക്ക് ഒരു ഹലോ എന്ന് പോലും പറയാൻ സാധിച്ചില്ല. ലോകത്തെ ഏറ്റവൂം മികച്ച താരത്തെ അടുത്ത് കാണുക എന്നത് വല്ലാത്ത അനുഭവമായിരുന്നു. അതെനിക്ക് ഒരിക്കലും മറക്കാനാകില്ല. എൻ്റെ അച്ചൻ മറഡോണയ്ക്കൊപ്പം കളിച്ചു. ഞാൻ മെസ്സിക്കൊപ്പം കളിക്കുന്നു. മക് അലിസ്റ്റർ പറഞ്ഞു.