രേണുക വേണു|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (10:25 IST)
അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോട് ക്ഷമാപണം നടത്തി മെക്‌സിക്കന്‍ ബോക്‌സര്‍ കാനെലോ അല്‍വാരസ്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരശേഷം മെസി തങ്ങളുടെ ജേഴ്‌സിയെ അപമാനിച്ചതായി കാനെലോ ആരോപിച്ചിരുന്നു. മാത്രമല്ല കാനെലോ മെസിക്കെതിരെ ഭീഷണിയും മുഴക്കി. അതിനു പിന്നാലെയാണ് ക്ഷമാപണവുമായി താരം രംഗത്തെത്തിയത്.
രാജ്യത്തോടുള്ള സ്‌നേഹവും അഭിനിവേശവും കൊണ്ടാണ് അങ്ങനെ പറഞ്ഞത്. മെസിയോടും അര്‍ജന്റീനയിലെ ജനങ്ങളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു - കാനെലോ അല്‍വാരസ് പറഞ്ഞു.
'ഞങ്ങളുടെ ജേഴ്‌സിയോ പതാകയോ കൊണ്ട് മെസി തറ തുടയ്ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? ഞാനുമായി കണ്ടുമുട്ടാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാണ് മെസിക്ക് നല്ലത്. ഞങ്ങള്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്നതുപോലെ തിരിച്ച് മെക്‌സിക്കോയേയും അദ്ദേഹം ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുകയല്ല. മറിച്ച് മെസി ചെയ്ത വൃത്തികേട് ചൂണ്ടിക്കാട്ടുകയാണ്' എന്നാണ് കാനെലോ ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ കാനെലോയെ തള്ളിയും മെസിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും മെക്സിക്കന്‍ നായകന്‍ ആന്‍ഡ്രസ് ഗ്വാര്‍ദോ തന്നെ രംഗത്തെത്തി. മെസി എങ്ങനെയുള്ള ആളാണെന്ന് എനിക്കറിയാം. വിയര്‍പ്പുള്ള ജേഴ്സി തറയില്‍ തന്നെയാണ് കിടക്കുക. അത് സ്വന്തം ജേഴ്സി ആണെങ്കിലും എതിര്‍ ടീമിലെ താരങ്ങളുടെ ജേഴ്സി ആണെങ്കിലും അങ്ങനെ തന്നെ. ഒരു ഡ്രസിങ് റൂം എങ്ങനെയാണെന്ന് കാനെലോയ്ക്ക് അറിയില്ല. ആ ജേഴ്സി എന്റേതാണ്. എനിക്കത് വളരെ ചെറിയ കാര്യമായാണ് തോന്നുന്നത്. ആ ജേഴ്സി ഞാനാണ് ലിയോയ്ക്ക് കൊടുത്തത് - മെക്സിക്കന്‍ നായകന്‍ പറഞ്ഞു.