സെപ് ബ്ലാറ്ററെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു

  സെപ് ബ്ളാറ്റര്‍ , ഫിഫ പ്രസിഡന്റ് , മിഷേല്‍ പ്ലാറ്റിനി , ഫിഫ
സൂറിച്ച്| jibin| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (08:42 IST)
അഴിമതി ആരോപണത്തെ തുടര്‍ന്നു പ്രസിഡന്റ് സെപ് ബ്ളാറ്ററെ ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. ബ്ലാറ്റര്‍ക്ക് പുറമെ ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാക്കിനെതിരെയും നടപടിയുണ്ട്. ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടതിനു പുറമെ സ്വിസ് അന്വേഷണ സംഘം ഫിഫ ആസ്ഥാനത്ത് നടത്തിയ പരിശോധനകളും ബ്ലാറ്റര്‍ക്കെതിരെ ആരംഭിച്ച ക്രിമിനല്‍ നടപടികളും പരിഗണിച്ചാണ്
സസ്‌പെന്‍ഷന്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് എത്തിക്സ് കമ്മിറ്റി സൂറിച്ചില്‍ ചേര്‍ന്നത്.

കഴിഞ്ഞമാസം അധികാര ദുര്‍വിനിയോഗം, ഫണ്ട് തിരിമറി എന്നിവയില്‍ സ്വിസ് അന്വേഷണസംഘം ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി ചോദ്യം ചെയ്തിരുന്നു. ഫിഫ ആസ്ഥാനത്തുനിന്ന് രേഖകളും സംഘം പിടിച്ചെടുത്തിരുന്നു. 2005ല്‍ ഒരു ടെലിവിഷന്‍ ചാനലുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് കണ്ടെത്തിയതാണ് ബ്ലാറ്റര്‍ക്ക് തിരിച്ചടിയായത്. ഇതോടൊപ്പം 2011ല്‍ മിഷേല്‍ പ്‌ളാറ്റിനിക്ക് ബ്‌ളാറ്ററുടെ ക്യാമ്പ് 20 ലക്ഷം സ്വിസ് ഫ്രാങ്ക് കൈക്കൂലി നല്‍കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഫിഫ വൈസ് പ്രസിഡന്റ് ചുങ് മോങ് ജൂനും അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്.

ബ്ലാറ്റര്‍ സ്ഥാനം ഒഴിയണമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ
കൊക്കക്കോളയും മക്‌ഡൊണാള്‍ഡും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ബ്ലാറ്ററുടെ പ്രതികരണം. തനിക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണത്തിന് തെളിവില്ലെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം ഒരു ജര്‍മ്മന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :