ഫിഫ പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് സെപ് ബ്ലാറ്ററിനോട് സ്പോണ്‍സര്‍മാരും ആവശ്യപ്പെട്ടു

ലണ്ടന്‍| JOYS JOY| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (11:34 IST)
പ്രസിഡന്റ് സെപ് ബ്ലാറ്ററുടെമേല്‍ സമ്മര്‍ദ്ദം സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദമേറുന്നു. നിരവധി ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും രാജി വെയ്ക്കാന്‍ തയ്യാറാകാതിരുന്ന സെപ് ബ്ലാറ്ററിനോട് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ ഇപ്പോള്‍ സ്പോണ്‍സര്‍മാരും ആവശ്യപ്പെട്ടിരിക്കുകയാണ്.

കൊക്ക കോള, മക്ഡൊണാള്‍ഡ്സ്, വീസ, ബഡ് വൈസര്‍ എന്നീ മുന്‍നിര കമ്പനികളാണ് എത്രയും പെട്ടെന്ന് സ്ഥാനമൊഴിയാന്‍ ബ്ലാറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്‌ബോളിന്റെ നല്ല മുഖം തിരിച്ചു പിടിക്കാന്‍ ബ്ലാറ്റര്‍ സ്ഥാനമൊഴിയണമെന്ന് കൊക്ക കോള പ്രസ്താവനയില്‍ പറഞ്ഞു.

സുസ്ഥിരവും വിശ്വാസയോഗ്യവുമായ പരിഷ്കാരം ഫിഫയില്‍ കൊണ്ടുവരണമെങ്കില്‍ ബ്ലാറ്റര്‍ പടിയിറങ്ങണം. ബ്ലാറ്ററുടെ രാജി വൈകുന്തോറും ഫിഫയുടെ പ്രതിച്‌ഛായയും നഷ്‌ടപ്പെടുകയാണ്. ഫിഫയില്‍ പരിഷ്കാരങ്ങള്‍ സ്വതന്ത്രമായ സമീപനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നും കൊക്കകോള പറഞ്ഞു.

എത്രയും പെട്ടെന്ന് ബ്ലാറ്റര്‍ രാജി വെക്കണമെന്നാണ് സാമ്പത്തിക സേവന കമ്പനിയായ വിസയും ആവശ്യപ്പെടുന്നത്. ബ്ലാറ്റര്‍ രാജിവെക്കുന്നതാണ് ഫുട്ബാളിന് നല്ലതെന്ന് മക്ഡൊണാള്‍ഡും പറഞ്ഞു. കൊക്ക കോളയും അഡിഡാസുമാണ് ഫിഫയുടെ ഏറ്റവും പഴക്കമുള്ള സ്പോണ്‍സര്‍മാര്‍.

സംഘടനക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രീതിയില്‍ സംപ്രേക്ഷണാവകാശം നല്‍കിയെന്ന ആരോപണത്തിന്മേലാണ് ബ്ലാറ്റര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :