യൂറോ കപ്പ്: ഫ്രാന്‍‌സിന്റെ കൈപിടിച്ച് സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍

മറ്റൊരു മത്സരത്തില്‍ അല്‍‌ബേനിയക്കെതിരെ റുമേനിയ തോല്‍‌വി വഴങ്ങി

 ഫ്രാന്‍‌സ് , സ്വിറ്റ്സര്‍ലന്‍ഡ് , യൂറോ കപ്പ്
പാരിസ്| jibin| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (09:19 IST)
യൂറോ കപ്പില്‍ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും ഗോള്‍ രഹിത സമനില വഴങ്ങി. ഫ്രാന്‍സ് നേരത്തെ തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നുവെങ്കില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ നോക്കൗട്ട് യോഗ്യതക്ക് സമനില മാത്രം മതിയായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി അങ്കത്തിനിറങ്ങിയ ഫ്രാന്‍‌സ് ജീവന്‍‌മരണ പോരാട്ടത്തിനിറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡിനു മുന്നില്‍ വിയര്‍ക്കുകയായിരുന്നു. ഗോള്‍ വഴങ്ങാതിരിക്കുക എന്ന ലക്ഷ്യം മാത്രമുണ്ടായിരുന്ന സന്ദര്‍ശകര്‍ ഫ്രാന്‍‌സിന്റെ നീക്കങ്ങളെ തടയുകയായിരുന്നു.

ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍‌സ് കളി കൈക്കലാക്കിയെങ്കിലും തുടര്‍ന്നങ്ങോട്ട് സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രത്യാക്രമണമായിരുന്നു. ഷെര്‍ദാന്‍ ഷാകിരയും ഫാബിയാന്‍ ഷാറും ചേര്‍ന്ന് നയിച്ച സ്വിസ് മുന്നേറ്റം ഫ്രാന്‍സിനെ വെള്ളംകുടിപ്പിച്ചുവെങ്കിലും ആര്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ സമനില കൊണ്ട് ഇരുവര്‍ക്കും ആശ്വസിക്കേണ്ടി വന്നു.

അതേസമയം, മറ്റൊരു മത്സരത്തില്‍ അല്‍‌ബേനിയക്കെതിരെ റുമേനിയ തോല്‍‌വി വഴങ്ങി. കളിയുടെ 43മത് മിനിറ്റില്‍ അര്‍മാന്‍ഡോയുടെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെയായിരുന്നു അല്‍ബേനിയയുടെ ജയം. സമനിലക്കായി പിന്നീടുള്ള മുഴുസമയവും റുമേനിയ വിയര്‍ത്തുകളിച്ചെങ്കിലും ഫലം കണ്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :