ജര്‍മ്മന്‍ ആക്രമണം തടയാനാകുമോ ?; ചിലിക്ക് ആശങ്ക - കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം

ജര്‍മ്മന്‍ ആക്രമണം തടയാനാകുമോ ?; ചിലിക്ക് ആശങ്ക - കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം

കസാൻ (റഷ്യ)| jibin| Last Modified ശനി, 1 ജൂലൈ 2017 (20:00 IST)
കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആരാധകര്‍ സമ്മര്‍ദ്ദത്തിലാണ്. അപ്രതീക്ഷിത മുന്നേറ്റവുമായി ചിലിയും യുവ രക്തത്തിന്റെ ആവേശവുമായി ജര്‍മ്മനിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാണ് കപ്പില്‍ മുത്തമിടുകയെന്നത് കണ്ടറിയേണ്ടതാണ്.

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ ചിലിയും മെക്​​സിക്കന്‍ കരുത്തിനെ പുഷ്‌പം പോലെ പറിച്ചെറിഞ്ഞ ജര്‍മ്മനിയും കട്ടയ്‌ക്കു നില്‍ക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. കളി മികവും താരപ്പൊലിമയും തൂക്കിയളന്നാല്‍ ജര്‍മ്മനിക്കാകും സാധ്യത. എന്നാല്‍, പ്രവചനാതീതമായ ടീമാണ് ചിലി എന്നത് ഫുടോബോള്‍ ആരാധകര്‍ക്ക് വ്യക്തമായി അറിയാം. അവര്‍ അത് ലോകത്തിന് മുന്നില്‍ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.

ജര്‍മ്മനിയുടെ യുവനിരയെ എളുപ്പത്തില്‍ കീഴടക്കാമെന്ന തോന്നലാണ് മെക്‍സിക്കോയ്‌ക്ക് തോല്‍‌വി സമ്മാനിച്ചത്. ഇതിനാല്‍ ചിലി അങ്ങനെയൊരു നിഗമനത്തിലേക്ക് എത്തില്ല. കലിപ്പന്‍ പ്രതിരോധം തീര്‍ത്ത് ആക്രമണം അഴിച്ചു വിടുന്ന ജര്‍മ്മനിയെ പിടിച്ചു കെട്ടണമെങ്കില്‍ അർതുറോ വിദാൽ, ചാൾസ് അരാംഗ്വിസ്, അലക്സിസ് സാഞ്ചെസ്, മാർട്ടിൻ റോഡ്രിഗസ് എന്നിവര്‍ വിയര്‍ത്തു കളിക്കേണ്ടിവരും.



മെക്സിക്കോയെ ഞെട്ടിച്ച മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്ക, ടിമോ വെർണർ, അമീൻ യൂനുസ് എന്നീ മൂവര്‍ സംഘത്തെ വിദാലും കൂട്ടരും ഭയക്കേണ്ടതുണ്ട്. മൈതാനം കവർ ചെയ്യാനുള്ള ഗോറെറ്റ്സ്കയുടെ മികവ് ലോകം കണ്ടുകഴിഞ്ഞു. വേണ്ടിടത്ത് വേണ്ട നേരത്ത് എത്താൻ എത്തുന്ന അദ്ദേഹം ബോക്സ് ടു ബോക്സ് പ്ലെയറാണ്. ചിലി ഭയക്കേണ്ടതും ഇതു തന്നെയാണ്. കളി നിയന്ത്രിക്കാനുള്ള ജര്‍മ്മന്‍ നായകന്‍ ജൂലിയൻ ഡ്രാക്സ്‌ലറുടെ കഴിവും എടുത്തു പറയേണ്ടതാണ്.

ജര്‍മ്മന്‍ പരിശീലകന്‍ ജോക്കീം ലോയുടെ തന്ത്രം എന്താണെന്ന ആശങ്കയോടെയാകും ചിലി കളിക്കാന്‍ ഇറങ്ങുക. ഗോറെറ്റ്സ്കയെ അഴിച്ചു വിടുന്ന രീതി അദ്ദേഹം തുടര്‍ന്നാല്‍ വിഷമിക്കേണ്ടി വരുമെന്ന് ചിലിക്കറിയാം. എന്നാല്‍, പ്രതിരോധത്തിനൊപ്പം മുന്നേറ്റവും ശക്തമാക്കുകയാകും ലാറ്റിനമേരിക്കന്‍ ശക്തര്‍ പുറത്തെടുക്കുക.

പ്രതിരോധത്തിലെ വിള്ളലുകള്‍ അടച്ച് ജര്‍മ്മനിയെ ബോക്സില്‍ കടക്കാതെ തന്നെ പൂട്ടുകയെന്ന തന്ത്രവും അവര്‍ പ്രാവര്‍ത്തികമാക്കിയേക്കും. എന്നാല്‍, 2018 ലോകകപ്പ് ലക്ഷ്യമിട്ട് ചേട്ടന്മാര്‍ക്ക് വിശ്രമം നല്‍കി അനിയന്മാരെ കളത്തിലിറക്കാനുള്ള ജര്‍മ്മനിയുടെ നീക്കം തുടര്‍ച്ചയായി വിജയിക്കുന്നത് ചിലിക്ക് ഭയം കൂട്ടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :