രേണുക വേണു|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (08:26 IST)
Brazil vs Paraguay World Cup Qualifier: ലോകകപ്പ് ക്വാളിഫയറില്‍ അര്‍ജന്റീനയ്ക്കു പിന്നാലെ ബ്രസീലിനും തോല്‍വി. പരഗ്വായോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ തോല്‍വി. ആദ്യ പകുതിയില്‍ 20-ാം മിനിറ്റില്‍ ഡിയാഗോ ഗോമസിലൂടെയാണ് പരഗ്വായ് വിജയഗോള്‍ നേടിയത്. പിന്നീടങ്ങോട്ട് ബ്രസീലിനെ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കാതെ പരഗ്വായ് പ്രതിരോധനിര പിടിച്ചുകെട്ടി. ലോകകപ്പ് ക്വാളിഫയറില്‍ ബ്രസീലിന്റെ നാലാമത്തെ തോല്‍വിയാണ് ഇത്.
മത്സരത്തിലുടനീളം പന്ത് കൈവശം വയ്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മികച്ചുനിന്നത് ബ്രസീല്‍ തന്നെയാണ്. 71 ശതമാനവും ബ്രസീലിന്റെ കൈവശം തന്നെയായിരുന്നു പന്ത്. 87 ശതമാനം പാസ് കൃത്യതയും ബ്രസീലിനുണ്ടായിരുന്നു. എന്നാല്‍ പരഗ്വായുടെ ഗോള്‍ വല ചലിപ്പിക്കാന്‍ മാത്രം മുന്‍ ലോക ചാംപ്യന്‍മാര്‍ക്ക് സാധിച്ചില്ല.
മറ്റൊരു യോഗ്യതാ മത്സരത്തില്‍ കൊളംബിയ നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചു. കൊളംബിയയോടു തോറ്റെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയവും രണ്ട് തോല്‍വിയുമാണ് അര്‍ജന്റീനയ്ക്കുള്ളത്. ബ്രസീല്‍ ആകട്ടെ എട്ട് കളികളില്‍ മൂന്ന് ജയം, നാല് തോല്‍വി, ഒരു സമനില എന്നിങ്ങനെ വഴങ്ങി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്.