ലണ്ടന്‍|
Last Modified വെള്ളി, 8 ഫെബ്രുവരി 2019 (12:42 IST)
ആരാധകരുടെ കാത്തിരിപ്പും പ്രാര്‍ഥനയും വിഫലമായി. വിമാനയാത്രയ്‌ക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലയുടെ മൃതദേഹം കണ്ടെത്തി. ഇംഗ്ലീഷ് കടലിടുക്കില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തത് താരത്തിന്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഞായറാഴ്‌ച കണ്ടെത്തിയ മൃതദേഹം പോര്‍ട്ട്‌ലാന്‍ഡ് തുറമുഖത്തെത്തിച്ച മൃതദേഹം വിശദ പരിശോധനകള്‍ക്ക് ഒടുവിലാണ് സലയുടേതാണെന്ന് സ്ഥിരീകരിച്ചത്. സാലയോടൊപ്പം കാണാതായ പൈലറ്റ് ഡേവിഡ് ഇബോട്‌സണേയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല.
ജനുവരി 21ന് ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് സാലെയുമായുള്ള ചെറുവിമാനം പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമായി.
യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. പലതവണ നിര്‍ത്തി വെച്ച തിരച്ചില്‍ പിന്നീട് ഫുട്‌ബോള്‍ ലോകത്തെ കടുത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു.