രേണുക വേണു|
Last Modified തിങ്കള്‍, 13 ജനുവരി 2025 (09:05 IST)
കരുത്തരായ റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ബാഴ്‌സലോണയ്ക്ക്. സൂപ്പര്‍ കപ്പ് ഫൈനലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം. ബാഴ്‌സയുടെ 15-ാം സൂപ്പര്‍ കപ്പ് കിരീടമാണിത്.
കിലിയന്‍ എംബാപ്പെയിലൂടെ മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തിയത് റയല്‍ ആണ്. എന്നാല്‍ 22-ാം മിനിറ്റില്‍ ലമീന്‍ യമാലിലൂടെ ബാഴ്‌സ സമനില ഗോള്‍ നേടി. പിന്നീടങ്ങോട്ട് ബാഴ്‌സയുടെ താണ്ഡവത്തിനു മുന്നില്‍ റയല്‍ നിഷ്പ്രഭരായി.
36-ാം മിനിറ്റില്‍ റയല്‍ താരം എഡ്വേഡോ കമവിന്‍ഗയുടെ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റാഫീഞ്ഞ ബാഴ്‌സയ്ക്കായി മൂന്നാം ഗോള്‍ നേടി.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അലഹാന്ദ്രോ ബാള്‍ഡെ നാലാം ഗോള്‍ നേടി. 48-ാം മിനിറ്റില്‍ റാഫീഞ്ഞ തന്റെ രണ്ടാം ഗോളും ബാഴ്‌സയുടെ അഞ്ചാം ഗോളും നേടി. 60-ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെയായിരുന്നു റയലിന്റെ രണ്ടാം ഗോള്‍.