കാലഹരണപ്പെട്ടു പോകാത്ത, ഉള്‍ക്കാഴ്ചയുള്ള കാര്‍ട്ടൂണുകള്‍ ബാക്കിയാക്കി ആരുടേയും അനുവാദത്തിന് കാക്കാതെ കാര്‍ട്ടൂണിസ്റ്റ് രവീന്ദ്രന്‍ യാത്രയായിട്ട് 5 വര്‍ഷം തികയുന്നു.2002 ഡിസംബര്‍ 16 ന് ആയിരുന്നു അന്ത്യം
രവീന്ദ്രന്‍ ഒരു കാലത്ത് ലോകം ഉറ്റുനോക്കിയ കാര്‍ട്ടൂണിസ്റ്റായിരുന്നു. ആസ്വാദകരും പഠിതാക്കളും ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന പ്രവചനശേഷിയുണ്ടായിരുന്ന രചനകളായിരുന്നു രവീന്ദ്രന്‍റേത്.
1963 ല്‍ രവീന്ദ്രന്‍ വരച്ച ,കാര്‍ട്ടൂണ്‍ ,2001 ല്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നു. കലയുടെ പ്രവചനശേഷികൊണ്ട് ആസ്വാദകരെ ഇന്നും ഇത് അത്ഭുതപ്പെടുത്തുന്നു.
ക്രൂഷ്ചേവും ഇന്ദിരാഗാന്ധിയും ജയപ്രകാശ് നാരായണനുമടങ്ങുന്ന ലോകനേതാക്കളായിരുന്നു രവീന്ദ്രന്‍റെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമായത്.
1947 മുതല്‍ ബ്ളിറ്റ്സ്, ഇല്ലസ്ട്രേറ്റഡ് വീക്ക്ലി, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു എന്നിവയില്‍ കാര്‍ട്ടൂണുകള്‍ വരച്ച് സജീവമായ രവീന്ദ്രന്‍ 1972-ല്‍ കേരളത്തില്‍ തിരിച്ചെത്തിയശേഷം മൗനത്തിലേക്ക് പിന്‍വാങ്ങുകയായിരുന്നു.