സിംഹാസനം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
സായികുമാര്‍ എന്ന നടന്‍റെ ഏറ്റവും മികച്ച പ്രകടനമൊന്നുമല്ല സിംഹാസനത്തിലേത്. എന്നാല്‍ ചന്ദ്രഗിരി മാധവമേനോന്‍ എന്ന കഥാപാത്രത്തെ സായി ഉജ്ജ്വലമാക്കി. ആ കഥാപാത്രത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സ് മാത്രമാണ് സിംഹാസനത്തെ കണ്ടിരിക്കാന്‍ പ്രാപ്തമായ സിനിമയെങ്കിലുമാക്കുന്നത്. മികച്ച സംഭാഷണങ്ങളുമുണ്ട് സായിക്ക്. ഇമോഷണല്‍ രംഗങ്ങളിലൊക്കെ സായി മറുചോദ്യമില്ലാത്ത അഭിനയ പാടവമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജിന് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്ന ചിത്രമാണ് സിംഹാസനം എന്ന് പറയാനാവില്ല. ‘താന്തോന്നി’ പോലെ മറ്റൊരു സിനിമ. നീളന്‍ ഡയലോഗുകള്‍ ഉരുവിടുമ്പോഴും ഗാനരംഗങ്ങളിലെ എക്സ്പ്രഷനുകളിലും പൃഥ്വിയുടെ പ്രകടനം മോശമായി. അത് മാറ്റി നിര്‍ത്തിയാല്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവച്ചു മലയാളികളുടെ ബിഗ്സ്റ്റാര്‍.

ബിജു പപ്പന് ഈ സിനിമയില്‍ നല്ല വേഷമാണ്. ലേലത്തിലും അസുരവംശത്തിലുമൊക്കെ സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓര്‍മ്മയില്ലേ?. നായകനുവേണ്ടി മരിക്കാനും തയ്യാറാകുന്ന കഥാപാത്രം. അതുതന്നെയാണ് സിംഹാസനത്തില്‍ ബിജു പപ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും പ്രേക്ഷകരെ കൈയിലെടുക്കാന്‍ ബിജുവിന് കഴിയുന്നുണ്ട്.

വില്ലന്‍‌മാരുടെ നീണ്ട നിരതന്നെയുണ്ട് സിംഹാസനത്തില്‍. ദേവന്‍, സിദ്ദിക്ക്, ജയകൃഷ്ണന്‍, റിയാസ് ഖാന്‍, ജയന്‍ അങ്ങനെയങ്ങനെ. ആര്‍ക്കും വലിയ പെര്‍ഫോമന്‍സിനൊന്നും സ്കോപ്പില്ല. ആരവത്തിനിടെ തന്‍റെയും ഒച്ചയൊന്ന് കേള്‍പ്പിക്കുക എന്ന ധര്‍മ്മം മാത്രം. ഇവരൊക്കെ അത് മോശമല്ലാതെ ചെയ്തു.

നായികമാരെപ്പറ്റി ഒന്നും പറയാനില്ല. അവര്‍ക്ക് വെറും കാഴ്ചക്കാരുടെ റോള്‍ മാത്രമേ ചിത്രത്തിലുള്ളൂ. ഗാനങ്ങളൊന്നും ശരാശരിക്ക് മേല്‍ ഉയര്‍ന്നില്ല. ഛായാഗ്രഹണം നിലവാരം പുലര്‍ത്തി. പശ്ചാത്തല സംഗീതം പല സന്ദര്‍ഭങ്ങളിലും പ്രേക്ഷകരുടെ ക്ഷമ കെടുത്തി.

WEBDUNIA|
തുടര്‍ച്ചയായി പത്തോളം സിനിമകള്‍ പരാജയമാക്കി റെക്കോര്‍ഡിട്ട സംവിധായകനാണ് ഷാജി കൈലാസ്. ആ പരാജയങ്ങളില്‍ നിന്ന് ഷാജി ഒന്നും പഠിച്ചില്ല എന്ന് സിംഹാസനം കണ്ടാല്‍ മനസിലാകും. അദ്ദേഹം തന്‍റെ ആക്ഷന്‍ ട്രാക്ക് വിട്ട് കോമഡിയിലേക്ക് തിരിയുകയാണെന്ന് കേള്‍ക്കുന്നു. മലയാള സിനിമയുടെ ട്രാക്ക് മാറുമ്പോള്‍ ഷാജിയെപ്പോലെയുള്ള വലിയ സംവിധായകരും മാറ്റത്തിന് തയ്യാറാകുന്നു എന്നത് ശുഭാപ്തിവിശ്വാസത്തോടെ ഉള്‍ക്കൊള്ളാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :