ദൈവത്തിരുമകള്‍ ഗംഭീരം, സൂപ്പര്‍ ഹിറ്റ്!

WEBDUNIA|
PRO
തമിഴ് ചിത്രം ‘ദൈവത്തിരുമകള്‍’ അമ്പരപ്പിക്കുന്നു. അസാധാരണമായ ഒരു കഥയുടെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരം. കണ്ണുനനയിക്കുന്ന ക്ലൈമാക്സും നല്ല നര്‍മ്മവുമുള്ള മനോഹരമായ സിനിമയെന്ന് റിപ്പോര്‍ട്ട്. വിക്രം തന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

അഞ്ചുവയസിന്‍റെ മാനസിക വളര്‍ച്ചയുള്ള കൃഷ്ണ(വിക്രം) എന്ന പിതാവും ആറുവയസുകാരിയായ മകള്‍ നിലാ(സാറ)യും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. നിലായെ കൃഷ്ണയുടെ അമ്മായിയച്ഛന്‍ കൊണ്ടുപോകുന്നു. മകളെ തിരിച്ചുകിട്ടാനുള്ള കൃഷ്ണയുടെ പോരാട്ടം മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ വിജയ്.

ദൈവത്തിരുമകള്‍ക്ക് തിയേറ്ററുകളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അടുത്തിടെയായി ഹിറ്റുകള്‍ നല്‍കാന്‍ കഴിയാതിരുന്ന വിക്രത്തിന് ഈ ചിത്രത്തിലൂടെ ഒരു സൂപ്പര്‍ഹിറ്റ് ലഭിച്ചിരിക്കുകയാണ്.

അനുരാധ എന്ന അഭിഭാഷകയുടെ റോളില്‍ അനുഷ്ക ഷെട്ടിയും കൃഷ്ണയുടെ ഭാര്യയുടെ സഹോദരി ശ്വേതയായി അമലാ പോളും മിന്നിത്തിളങ്ങുന്നു. വിക്രത്തിന്‍റെ അമ്മായിയച്ഛനായി അഭിനയിക്കുന്ന സച്ചിന്‍ ഖേദ്കറും ബാഷ്യം എന്ന അഭിഭാഷകനായി നാസറും വില്ലത്തരങ്ങളിലൂടെ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ വിജയിച്ചു.

സന്താനത്തിന്‍റെ കോമഡി ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റാണ്. എന്നാല്‍ ക്ലൈമാസ് കോടതിരംഗമാണ് ദൈവത്തിരുമകളുടെ ഹൈലൈറ്റ്. ക്ലൈമാക്സില്‍ വിക്രത്തിന്‍റെ കഥാപാത്രം പറയുന്ന ഓരോ ഡയലോഗും കണ്ണീരോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്.

ഗാനങ്ങളില്‍ ‘വിഴിഗളില്‍ ഒരു വാനവില്‍...’ മനസില്‍ തങ്ങിനില്‍ക്കും. ‘ഒരേ ഒരു ഊരിലെ...’ എന്ന ഗാനരംഗത്തിന്‍റെ ചിത്രീകരണം ഫാന്‍റസി രംഗങ്ങളാല്‍ മനോഹരമാണ്. മലയാളി നടന്‍ കൃഷ്ണകുമാറിനും ചിത്രത്തില്‍ നല്ല റോളാണ്.

‘ഐ ആം സാം’ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിജയ് ‘ദൈവത്തിരുമകള്‍’ ഒരുക്കിയിരിക്കുന്നത്. മദ്രാസപ്പട്ടിണത്തിലൂടെ കഴിവു തെളിയിച്ച വിജയ് ദൈവത്തിരുമകളിലൂടെ ഒന്നാം നിരയിലേക്ക് പ്രവേശിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :