ചെക്കച്ചിവന്ത വാനം: അസാധാരണ അധോലോക കഥ; മണിരത്നത്തിന്‍റെ രാജകീയ മടങ്ങിവരവ്!

അനില്‍ ബെഞ്ചമിന്‍| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (16:35 IST)
മണി സര്‍ തിരിച്ചുവന്നിരിക്കുന്നു. ‘ചെക്കച്ചിവന്ത വാനം’ എന്ന ഗാംഗ്സ്റ്റര്‍ സാഗ കണ്ടിറങ്ങുന്നവരുടെയെല്ലാം അഭിപ്രായം ഇതാണ്. കടല്‍, ഓകെ കണ്‍‌മണി, കാട്ര് വെളിയിടൈ എന്നീ മൂന്ന് സിനിമകള്‍ വേണ്ടത്ര ശ്രദ്ധനേടാതെ പോയതിന് ഈ ഒരൊറ്റ ചിത്രം കൊണ്ട് പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് മണിരത്നം.

ചെക്കച്ചിവന്ത വാനം മണിരത്നത്തിന്‍റെ പതിവ്‌ ശൈലിയിലുള്ള പടമല്ല. ഒരുപക്ഷേ, ആരും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ചിത്രമാണിത്. അതിനേക്കാളുപരി, ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ പറഞ്ഞിട്ടുള്ള ഗാംഗ് വാര്‍ പടങ്ങളുടെയെല്ലാം ജാതകം തിരുത്തിയെഴുതുന്ന പുതിയ അധോലോക കഥയാണ് ഇത് പറയുന്നത്.

ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ലാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ റസൂല്‍ ഇബ്രാഹിമിന്‍റെ (വിജയ് സേതുപതി) നരേഷനിലൂടെയാണ് സിനിമ തുടങ്ങുന്നത്. അയാള്‍ പരിചയപ്പെടുത്തുന്നു, അധോലോകത്തിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയെ, സേനാപതിയെ(പ്രകാശ് രാജ്).

സേനാപതിയുടെയുടെ നാല്‍പ്പതാം വിവാഹവാര്‍ഷികത്തിന് അദ്ദേഹത്തിന് നേരെ ഒരു ആക്രമണമുണ്ടാകുന്നു. ഇത് അദ്ദേഹത്തിന്‍റെ മക്കളുടെ ഒത്തുചേരലിന് കാരണമാകുകയാണ്. മക്കള്‍ - വരദരാജന്‍(അരവിന്ദ് സ്വാമി), ത്യാഗരാജന്‍(അരുണ്‍ വിജയ്), എത്തിരാജ്(സിലംബരശന്‍) എന്നിവര്‍ വരുമ്പോള്‍ കഥ ചൂടുപിടിക്കുന്നു.

സേനാപതിക്ക് ശേഷം ആ സാമ്രാജ്യം ആര്‍ക്കാണെന്ന തര്‍ക്കത്തിലേക്ക് കഥ നീങ്ങുന്നതോടെ ചോരചീറ്റിയൊഴുകുന്ന ഒരു വയലന്‍റ് ഏടിന് തുടക്കമാവുകയാണ്. സങ്കീര്‍ണമായ ഒരു മെത്തേഡും ഉപയോഗിക്കാതെ സ്ട്രെയിറ്റായി കഥ പറയാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. ആദ്യപകുതി റോക്കറ്റ് വേഗത്തില്‍ പായുമ്പോള്‍ രണ്ടാം പകുതി ഡീറ്റയിലിംഗിന്‍റെ ചാരുതയിലാണ് ശ്രദ്ധിച്ചിരിക്കുന്നത്.

പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന സഹോദരങ്ങളുടെ പോരാട്ടങ്ങളുടെ കഥ പറഞ്ഞുപോകുന്നതിനിടെ നായികമാര്‍ക്കൊന്നും വലിയ പ്രാധാന്യം ലഭിക്കുന്നില്ല. ജ്യോതികയ്ക്കാണ് കുറച്ചെങ്കിലും സ്പേസ് ഉള്ളത്. ഐശ്വര്യ രാജേഷും അദിതി റാവു ഹൈദരിയും മിനിറ്റുകള്‍ കൊണ്ട് തങ്ങളുടെ ദൌത്യം അവസാനിപ്പിക്കുന്നു.

ഈ സിനിമയില്‍ ഇത്രയധികം താരങ്ങളുണ്ടെങ്കിലും ഏറ്റവും സ്കോര്‍ ചെയ്തത് വിജയ് സേതുപതിയും സിമ്പുവുമാണ്. റസൂല്‍ എന്ന കഥാപാത്രത്തിന്‍റെ വിവിധ ഷേഡുകളിലൂടെയുള്ള സഞ്ചാരം അസാധാരണവൈഭവത്തോടെയാണ് വിജയ് സേതുപതി ആവിഷ്കരിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന് കൂറ്‌ ആരോടാണെന്ന് ഗസ് ചെയ്യാന്‍ പോലും സിനിമയുടെ അവസാനം വരെ നമ്മള്‍ ബുദ്ധിമുട്ടും. തന്‍റെ പതിവ്‌ സംഭാഷണ രീതിയുടെയും ആക്ടിംഗ് സ്റ്റൈലിന്‍റെയും ഒരു ഡോസ് കൂടിയ വേര്‍ഷനാണ് സിമ്പു ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അത് സിനിമയുടെ ചുവപ്പ് നിറത്തിന് കടുപ്പം കൂട്ടുന്നു.

സന്തോഷ് ശിവന്‍റെ ഛായാഗ്രഹണമാണ് ഈ ക്രൈം സിനിമയുടെ മുഖ്യ ആകര്‍ഷണം. ആ ക്യാമറാചലനങ്ങളുടെ ഭംഗി നുകരാന്‍ എത്രതവണ വേണമെങ്കിലും ചെക്കച്ചിവന്ത വാനം കാണാം. എ ആര്‍ റഹ്‌മാന്‍റെ സംഗീതം ഈ സിനിമയിലെ ഒരു കഥാപാത്രം പോലെയാണ്. പാട്ടുകള്‍ ആരും പാടുകയോ ആരും ഡാന്‍സ് ചെയ്യുകയോ ചെയ്യുന്നില്ല. ഗാനരംഗം എന്ന് മാറ്റിനിര്‍ത്താന്‍ ഒന്നുപോലുമില്ല. പാട്ടുകള്‍ കഥയ്ക്കൊപ്പം സഞ്ചരിക്കുന്നു. മണിരത്നത്തിന്‍റെ മറ്റൊരുഗ്രന്‍ കഥപറച്ചില്‍ തന്ത്രം!

നായകന് ശേഷം ഒരു അധോലോക ചിത്രം മണിരത്നത്തില്‍ നിന്നുണ്ടാകുന്നു എന്നതാണ് ഈ സിനിമയിലേക്ക് ഏവരെയും വലിച്ചടുപ്പിച്ചത്. ചെക്കച്ചിവന്ത വാനം മണിരത്നം ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും. അല്ലാത്തവര്‍ക്ക്, അണ്‍‌യൂഷ്വലായിട്ടുള്ള ഒരു അണ്ടര്‍വേള്‍ഡ് സ്റ്റോറി കണ്ടതിന്‍റെ സുഖം കിട്ടും.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :