രേണുക വേണു|
Last Modified വെള്ളി, 5 മെയ് 2023 (15:35 IST)
2018 Malayalam Movie Review: ദുരന്തമുഖത്ത് കേരളം ജാതി, മത, വര്‍ഗ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി കൈ കോര്‍ത്തപ്പോള്‍ ലോകജനത അതിനെ കൈയടിച്ച് വരവേറ്റു. ആ കാഴ്ച എത്ര കണ്ടാലും മതിവരില്ല, ആ കഥ എത്ര പറഞ്ഞാലും മടുക്കില്ല. ഇനി തലമുറകള്‍ക്ക് ആ കഥ കാണാനും കേള്‍ക്കാനും സാധിക്കും, ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രത്തിലൂടെ.
2018 ലെ മഹാപ്രളയവും മലയാളിയുടെ അതിജീവനവുമാണ് '2018' എന്ന സിനിമയുടെ പ്രമേയം. ഓരോ മലയാളിയും തിയറ്ററുകളില്‍ നിന്ന് തന്നെ കുടുംബസമേതം കാണേണ്ട മനോഹര സിനിമ. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്നാണ് സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്. പ്രളയത്തിലുണ്ടാകുന്ന ദുരന്തങ്ങളും അതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ തലം മുതല്‍ കേരളത്തിലെ മുക്കുവന്‍മാര്‍ വരെ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നയും ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മഹാദുരന്തത്തിന്റെ തീവ്രത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫും സംഘവും. പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് ഉദ്വേഗം ഉയര്‍ത്തി കൊണ്ടുവരാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ജൂഡിന്റെ സംവിധാന മികവ് എടുത്തുപറയേണ്ട ഒന്നാണ്. ജൂഡിന്റെ ഏറ്റവും മികച്ച ചിത്രമെന്നായിരിക്കും 2018 ഇനി അറിയപ്പെടുക. അത്രത്തോളം ക്വാളിറ്റി പുലര്‍ത്തിക്കൊണ്ടാണ് ഓരോ സീനുകളും പ്ലേസ് ചെയ്തിരിക്കുന്നത്. രണ്ട് തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് ജൂഡ്. മറ്റൊരു തിരക്കഥാകൃത്ത് അഖില്‍ പി.ധര്‍മജന്‍ ആണ്. മഹാപ്രളയത്തിന്റെ തീവ്രത നേരിട്ടനുഭവിച്ച അഖില്‍ തന്റെ ജീവിതപരിസരങ്ങള്‍ കൂടിയാണ് തിരക്കഥയിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം, ക്യാമറ, എഡിറ്റിങ്, ഗ്രാഫിക്‌സ് എന്നിങ്ങനെ സിനിമയുടെ എല്ലാ തലങ്ങളിലും നൂറ് ശതമാനം ക്വാളിറ്റി പുലര്‍ത്താന്‍ അതിനു പിന്നില്‍ നിന്നവര്‍ക്ക് സാധിച്ചു. അഭിനയത്തിലേക്ക് വന്നാല്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, വിനീത കോശി എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി.