സെല്ലുലോയ്ഡ് ഇഫക്ട്, ജയറാമിന്‍റെ പടത്തിന്‍റെ കഥ മാറ്റി!

WEBDUNIA|
PRO
സംവിധായകന്‍ കമലിന് തന്‍റെ കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതായിരിക്കും? ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന് പറയാന്‍ കമല്‍ മുമ്പൊരിക്കലും മടിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമല്‍ പറയും അത് ‘സെല്ലുലോയ്ഡ്’ ആണ് എന്ന്.

മലയാള സിനിമയുടെ പിതാവിന് താന്‍ നല്‍കിയ ആദരം എന്ന നിലയില്‍ മാത്രമല്ല, ഏവരാലും അംഗീകരിക്കപ്പെട്ട ചിത്രം എന്ന നിലയിലും ആ സിനിമ കമല്‍ തന്‍റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. ജെ സി ഡാനിയലിന്‍റെ ഇമോഷണല്‍ ലൈഫ് അതിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിക്കുന്നതില്‍ കമല്‍ പൂര്‍ണവിജയം നേടിയെന്ന് എല്ലാ നിരൂപകരും പ്രേക്ഷകരും പ്രശംസിച്ച സിനിമയായിരുന്നു സെല്ലുലോയ്ഡ്. സംസ്ഥാന - ദേശീയ അവാര്‍ഡ് ജൂറികളും ആ സിനിമയെ ആദരിച്ചു.

സെല്ലുലോയ്ഡ് എന്ന സിനിമയ്ക്ക് ശേഷം ഏതുതരത്തിലുള്ള സിനിമയായിരിക്കും കമലില്‍ നിന്ന് ഉണ്ടാവുക എന്ന് ഏവരും കാത്തിരിക്കുകയാണ്. ജയറാമിനെ നായകനാക്കിയായിരിക്കും അടുത്ത ചിത്രം എന്ന് കമല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അതിനായി ഒരു കഥയും കണ്ടെത്തിയിരുന്നു. എന്നാല്‍ സെല്ലുലോയ്ഡ് നേടിത്തന്ന സല്‍‌പ്പേര് അടുത്ത ചിത്രത്തിലും നിലനിര്‍ത്തണമെന്ന സമ്മര്‍ദ്ദം കമലിനെ പുതിയ സിനിമയുടെ കഥ മാറ്റാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു.

“മുമ്പ് എന്‍റെ മനസില്‍ വ്യത്യസ്തമായ ഒരു കഥയുണ്ടായിരുന്നു. എന്നാല്‍ ആ കഥയിലും തിരക്കഥയിലും മാറ്റം വരുത്താന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിരക്കഥയെഴുത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നു” - കമല്‍ അറിയിച്ചു. തിരക്കഥയില്‍ മാറ്റമുണ്ടായതോടെ ഈ സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറിലേ ഇനി ആരംഭിക്കാന്‍ കഴിയൂ. ധ്വനിയാണ് ഈ ചിത്രത്തില്‍ ജയറാമിന്‍റെ നായികയാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :