സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
‘സിംഹാസനം‘ തകര്‍ന്നതോടെ ഇനി ആക്ഷന്‍ സിനിമകള്‍ വേണ്ടെന്ന് പ്രഖ്യാപിച്ച് ഷാജി കൈലാസ് കോമഡി സിനിമകളുടെ വഴികള്‍ തേടിയിരുന്നു. ജയറാമിനെ നായകനാക്കി ‘മദിരാശി’ എന്ന കോമഡിച്ചിത്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കോമഡിയിലും വിജയിക്കാനായില്ലെങ്കില്‍ ‘ഈ പണി നിര്‍ത്തും’ എന്ന് ഷാജി കൈലാസ് പ്രഖ്യാപിച്ചിട്ട് നാളുകള്‍ ഏറെയായിട്ടില്ല. എന്തായാലും പുതിയ വാര്‍ത്ത, ഷാജി കൈലാസ് ആക്ഷന്‍ സിനിമകളിലേക്ക് മടങ്ങുകയാണ്.

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. പുതിയ പ്രൊജക്ടൊന്നുമല്ല. പാതിവഴിയില്‍ നിര്‍ത്തിവച്ച ‘രഘുപതി രാഘവ രാജാറാം’ എന്ന സിനിമ പൂര്‍ത്തിയാക്കാനാണ് ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും കൈകോര്‍ക്കുന്നത്. എ കെ സാജന്‍ രചിച്ച ആ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ഇപ്പോല്‍ ഷാജിയും സാജനും. ‘മദിരാശി’ റിലീസ് കഴിഞ്ഞാലുടന്‍ ‘രഘുപതി രാഘവ രാജാറാം’ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.

പാര്‍കോ ലാബ്സിന്‍റെ ബാനറില്‍ മുരളിയാണ് ‘രഘുപതി രാഘവ രാജാറാം’ നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ ‘ദ്രോണ2010’ എന്ന സിനിമയ്ക്ക് വേണ്ടി ഇടയ്ക്കുവച്ച് നിര്‍ത്തിവയ്ക്കുകയും ദ്രോണ തകര്‍ന്നതോടെ ഈ പ്രൊജക്ട് വേണ്ടെന്നു വയ്ക്കുകയുമായിരുന്നു. രഘുപതി എന്ന ഡോക്ടറായും രാഘവ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും രാജാറാം എന്ന അധോലോക നായകനായുമാണ് ഈ സിനിമയില്‍ പൃഥ്വി വേഷമിടുന്നത്.

കൊച്ചി, തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളാണ് ഈ സിനിമയുടെ ലൊക്കേഷനുകള്‍. മൂന്നരക്കോടി രൂപയായിരുന്നു ‘രഘുപതി രാഘവ’യ്ക്ക് നിശ്ചയിച്ചിരുന്ന ബജറ്റ്. 85 ലക്ഷം ഇതിനകം മുടക്കിക്കഴിഞ്ഞു. ഈ സിനിമ ഷാജി കൈലാസ് പൂര്‍ത്തിയാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :