വിദ്യാ ബാലന്‍ വരുന്നത് ഇങ്ങനെ ആയിരിക്കില്ല!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രം ഒരുക്കി ദേശീയ അവാര്‍ഡ് നേടിയ സലിം അഹമ്മദിന്റെ രണ്ടാമത്തെ ചിത്രമാണ് ‘കുഞ്ഞനന്തന്റെ കട’. നായകന്‍ മമ്മൂട്ടി‍. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത ദമ്പതികളുടെ കഥപറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വിദ്യാ ബാലന്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇത്തരത്തിലുള്ള പോസ്റ്ററുകളും പ്രചരിച്ചിരുന്നു.

എന്നാല്‍ വിദ്യാ ബാലന്‍ വരില്ലെന്ന് സലിം അഹമ്മദ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒരു പ്രൊമോ പോസ്റ്റര്‍ മാത്രമേ തങ്ങള്‍ പുറത്തിറക്കിയിട്ടുള്ളൂ എന്നും മറ്റ് പോസ്റ്ററുകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുഞ്ഞനന്തന്റെ കട’യില്‍ വിദ്യാ ബാലന്‍ ഉണ്ടാവില്ലെന്ന് അവരുടെ പി ആര്‍ ഏജന്റും സ്ഥിരീകരിച്ചു. വിദ്യ മലയാളത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ തന്നെ അത് വലിയ രീതിയില്‍ അനൌണ്‍സ് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.

പല മലയാള ചിത്രങ്ങള്‍ അനൌണ്‍സ് ചെയ്യുമ്പോഴും വിദ്യാ ബാലന്‍ അതില്‍ നായികയാകും എന്ന് വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഏറ്റവും ഒടുവിലായി, ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം ഒന്നിക്കുന്ന ‘പെണ്‍’ എന്ന സിനിമയില്‍ വിദ്യാ ബാലന്‍ ആയിരിക്കും നായിക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളിയാണെങ്കിലും മലയാളത്തില്‍ ‘ഉറുമി’ എന്ന ചിത്രത്തില്‍ മാത്രമാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.

എന്തായാലും ‘കുഞ്ഞനന്തന്റെ കട‘യിലേക്ക് നാല് നായികമാരെ സലിം അഹമ്മദ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടത്രേ. ഇതില്‍ ആര്‍ക്കായിരിക്കും മമ്മൂട്ടിയുടെ നായികയാവാന്‍ നറുക്ക് വീഴുക എന്ന് വൈകാതെ അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :