സാനിയയുടെ കഥ സിനിമയാവുന്നു

WEBDUNIA|
PRO
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയൈബ് മാലിക്കുമായി വിവാഹം നിശ്ചയിച്ച ഇന്ത്യന്‍ ടെന്നീസ് റാണി സാനിയയുടെ കഥ അഭ്രപാളിയിലേക്ക്. സോനം കപൂറാണ് സാനിയയുടെ ജീവിതത്തോട് സാമ്യമുള്ള കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ‘റോംകോം താങ്ക് യു’ എന്ന ചിത്രത്തിലാണ് സോനം സാനിയയെ അവതരിപ്പിക്കുന്നത്.

സാനിയയുടെ ജീവിതവുമായി ഒട്ടേറെ സാദൃശ്യമുള്ള കഥാപാത്രത്തെയാണ് സോനം സിനിമയില്‍ അവതരിപ്പിക്കുന്നത്. യുവ ടെന്നീസ് താരമായ സോനത്തിന്‍റെ കഥാപാത്രം വിവാഹ നിശ്ചയം കഴിഞ്ഞതിനുശേഷം അതില്‍ നിന്ന് പിന്‍‌മാറുന്നതും മറ്റൊരാളെ വിവാഹം കഴിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി സോനത്തെ കാനഡയിലേക്ക് അയച്ച് ടെന്നീസില്‍ പരിശീലനം നല്‍കാനൊരുങ്ങുകയാണ് സംവിധായകന്‍. അക്ഷയ്കുമാര്‍ ആണ് ചിത്രത്തില്‍ സോനത്തിന്റെ നായകനാവുന്നത്.

സോനം സിനിമയില്‍ ഒരു ടെന്നീസ് താരമായാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ബസ്മി പറഞ്ഞു. ഒരേസമയം 30-35 പെണ്‍കുട്ടികളുടെ പുറകെ നടക്കുന്ന കഥാപാത്രത്തെയാണ് അക്ഷയ്കുമാര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സോനം അവതരിപ്പിക്കുന്ന ടെന്നീസ് കളിക്കാരിയെ കാണുന്നതോടെ പെണ്‍കുട്ടികള്‍ക്ക് പിന്നാലെ പായുന്ന സ്വഭാവം അക്ഷയിന്റെ കഥാപാത്രം മാറ്റുന്നുണ്ട്.

എന്നാല്‍ സോനത്തെയും അയാള്‍ അത്രകണ്ട് ഗൗരവത്തിലെടുക്കുന്നില്ല-ഇതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ബസ്മി പറഞ്ഞു. ഹല്‍‌ചല്‍, നോ എന്‍‌ട്രി, വെല്‍ക്കം, ഹേരാ ഫേരി-4 എന്നിവയാണ് ബസ്മിയുടെ പ്രധാന ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :