Last Modified വെള്ളി, 17 ജൂലൈ 2015 (18:26 IST)
മമ്മൂട്ടി വീണ്ടും ഒരു നാടന്‍ ക്രിസ്ത്യാനിയുടെ വേഷത്തില്‍ എത്തുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ അച്ചായന് വേഷം. ഇതൊരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും. നിഷാദ് കോയയാണ് തിരക്കഥ രചിക്കുന്നത്.
ഇടുക്കിയും പാലായും പ്രധാന ലൊക്കേഷനാകുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. നവംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി. പാലായിലെ അച്ചായന് സ്ലാംഗില്‍ മമ്മൂട്ടിക്ക് കത്തിക്കയറാന്‍ പാകത്തിലുള്ള തിരക്കഥയാണ് നിഷാദ് കോയ ഒരുക്കുന്നതെന്നാണ് വിവരം.
മമ്മൂട്ടിയുടെ അച്ചായന് കഥാപാത്രങ്ങളൊക്കെ വലിയ ജനപ്രീതി നേടിയവയാണ്. കോട്ടയം കുഞ്ഞച്ചന്, കിഴക്കന്‍ പത്രോസ്, ഒരു മറവത്തൂര്‍ കനവ്, സംഘം, നസ്രാണി, ഇമ്മാനുവല്‍ തുടങ്ങിയവ ഉദാഹരണം. ഒടുവില്‍ മമ്മൂട്ടി ക്രിസ്ത്യന്‍ കഥാപാത്രമായി അടിച്ചുപൊളിച്ചത് പ്രെയ്സ് ദി ലോര്‍ഡിലാണ്.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആന്റണി.